man-vs-wild-show

സാഹസികസഞ്ചാരി ബെയർ ഗ്രിൽസിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി 'മാൻ വേഴ്‌സസ് വൈൽഡ്' പരിപാടിയിൽ സഞ്ചരിച്ച ട്രെക്കിംഗ് റൂട്ടുകൾ വികസിപ്പിക്കാനും അതിലൂടെ വിനോദ സഞ്ചാരികളെ ആകർഷിക്കാനുമൊരുങ്ങി ഉത്തരാഖണ്ഡ് വിനോദ സഞ്ചാര വകുപ്പ്. 'മോദി ട്രെയിൽ' (മോദി പാത) എന്ന പേരിലാവും ഈ ട്രെക്കിംഗ് റൂട്ട് വികസിപ്പിക്കുകയെന്നാണ് റിപ്പോർട്ട്.

'മാൻ വേഴ്‌സസ് വൈൽഡ്' എപ്പിസോഡിൽ പ്രധാനമന്ത്രിയും ബെയർ ഗ്രിൽസും സന്ദർശിച്ച ട്രെക്കിംഗ് റൂട്ട് 'മോദി പാത'യായി വികസിപ്പിക്കുമെന്നും ഇതിനെ ദേശീയോദ്യാനത്തിലെ പ്രത്യേക ആകർഷണമായി അവതരിപ്പിക്കുമെന്നും ഉത്തരാഖണ്ഡ് വിനോദസഞ്ചാര വകുപ്പ് മന്ത്രി സത്പൽ മഹാരാജ് പറഞ്ഞു.

man-vs-wild-show

ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ് 18 വർഷങ്ങൾക്ക് ശേഷമുള്ള തന്റെ ആദ്യത്തെ വെക്കേഷൻ എന്നായിരുന്നു ഷോയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചിരുന്നത്. ഉത്തരഖണ്ഡിലെ ജിം കോർബെറ്റ് ദേശീയപാർക്കിലെ വനത്തിലൂടെയായിരുന്നു മോദിയുടേയും ബെയർ ഗ്രിൽസിന്റേയും യാത്ര. യാത്രയിൽ മോദി തന്റെ ജീവിതത്തെ കുറിച്ചും സാഹസികസഞ്ചാരി ബെയർ ഗ്രിൽസിനോട് പങ്കുവയ്ക്കുന്നതും കാണാമായിരുന്നു.

പതിനേഴോ പതിനെട്ടോ വയസുള്ളപ്പോൾ വീട് ഉപേക്ഷിച്ചു. നേരെ പോയത് ഹിമാലയത്തിൽ. അവിടെ താമസിച്ച് അവിടെയുള്ള ആളുകളെ കണ്ടു. അവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും മോദി പറഞ്ഞു. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി 13 വർഷം പ്രവർത്തിച്ചു. അവിടെയൊരു പുതിയ യാത്ര തുടങ്ങുകയായിരുന്നു. പീന്നീട് ജനങ്ങൾ തന്നെ തീരുമാനിക്കുകയായിരുന്നു താൻ ചെയ്യേണ്ട ഈ ജോലിയെ കുറിച്ച്.

man-vs-wild-show

അതിനാൽ അഞ്ച് വർഷമായി ഈ ജോലി ചെയ്യുകയാണെന്നും മോദി യാത്രയിൽ പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി കൃത്യമായ ഉത്തരവാദിത്വത്തോടെയാണ് ജോലി ചെയ്തിരുന്നത്. ജോലി ചെയ്യുന്നതിൽ മാത്രമായിരുന്നു ശ്രദ്ധ. അധികാരലാബ്ധികളൊന്നും തലക്കനമായി മാറിയിട്ടില്ലെന്നും മോദി ടിവി ഷോയിൽ വ്യക്തമാക്കുകയായിരുന്നു. എന്നും പ്രകൃതിയോട് ഇടങ്ങിയായിരുന്നു തന്റെ ജീവിതം. ദാരിദ്രം അനുഭവിച്ചിട്ടുണ്ട്.

പണം ഇല്ലാതിരുന്ന സമയത്ത് പോലും തന്റെ പിതാവ് പത്ത് മുപ്പതോളം പോസ്റ്റ് കാർഡുകൾ വാങ്ങി ഗ്രാമത്തിൽ ആദ്യ മഴ ലഭിച്ച വിവരം ബന്ധുക്കളെ എഴുതി അറിയിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി ഓർത്തെടുക്കുകയും ചെയ്തിരുന്നു. തനിക്കൊരിക്കലും പേടി തോന്നിയിട്ടില്ല. എല്ലാത്തിനേയും പോസിറ്റിവായി കാണുന്നയാളാണ് താൻ. അതുകൊണ്ട് തന്നെ ഒരിക്കലും നിരാശ തോന്നിയിട്ടില്ലെന്നും മോദി ഷോയിൽ വ്യക്തമാക്കി.