നാലിൽ ഒരാൾ തന്റെ പങ്കാളിയെ ചതിക്കുകയോ അല്ലെങ്കിൽ ചതിക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്നാണ് ആധുനിക പഠനങ്ങൾ വ്യക്തമാക്കുന്നത്. ഒരു പുതപ്പിൽ ഉറങ്ങി ഒരു നിശ്വാസത്തിനപ്പുറം എഴുന്നേൽക്കുന്ന പങ്കാളിയാൽ ചതിക്കപ്പെട്ടുവെന്ന് മനസിലാക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. പല പുരുഷന്മാർക്കും സ്ത്രീകളോടുള്ള സമീപനം തന്നെ തിരുത്തിയെഴുതാൻ ഇത്തരം സംഭവങ്ങൾ നിമിത്തമാകും. എന്നാൽ ഇത്തരം സംഭവങ്ങൾ മുൻകൂട്ടി കണ്ടെത്തി പങ്കാളിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാമെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. ഈ കാരണങ്ങൾ ചിലപ്പോൾ നിങ്ങൾ പങ്കാളിയാൽ ചതിക്കപ്പെടുന്നതിന്റെ ലക്ഷണങ്ങളാകാം. എന്നാൽ ഒന്നോർക്കുക, ഇക്കാര്യങ്ങൾ വായിച്ചതിന് ശേഷം മുൻവിധികളോടെ പങ്കാളിയെ സമീപിച്ചാൽ ഫലം വിപരീതമാകും.
1. അവൾ എപ്പോഴും ഫോണിലായിരിക്കും
നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത വസ്‌തുവാണ് ഇന്ന് മൊബൈൽ ഫോൺ. ഉറക്കത്തിൽ നിന്നെഴുന്നേൽക്കുന്നത് മുതൽ നിദ്രയിലേക്ക് ചുവടുവയ്‌ക്കുന്നത് വരെയും മൊബൈൽ ഫോൺ കൂടെയുണ്ടാകും. എന്നാൽ പങ്കാളി ഒരിക്കലും തന്റെ ഫോൺ അലക്ഷ്യമായി ഉപേക്ഷിക്കാതെ നിങ്ങളിൽ നിന്ന് ഒഴിച്ച് നിറുത്തുന്നുവെങ്കിൽ അത് ചതിയുടെ തുടക്കമാണെന്ന് പഠനം പറയുന്നു.
2.ഫോൺ എപ്പോഴും സൈലന്റ് മോഡിലായിരിക്കും, ചില കോളുകൾക്ക് ഉത്തരം ചെയ്യില്ല
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും മറ്റും മറ്റൊരാൾ കാണരുതെന്ന് ആഗ്രഹിക്കുന്ന ഫോൺ കോൾ വന്നാൽ നിങ്ങൾ എന്ത് ചെയ്യും. തീർച്ചയായും ഫോൺ സൈലന്റ് മോഡിലേക്ക് മാറ്റി പിന്നീട് ഒറ്റയ്‌ക്കാകുമ്പോൾ വിളിക്കും. പങ്കാളികൾ തമ്മിൽ പരസ്പരം രഹസ്യങ്ങളുടെ ആവശ്യമില്ല. നിങ്ങളോടൊപ്പം ഇരിക്കുമ്പോൾ അവൾക്ക് എല്ലാ ഫോൺ കോളുകളും എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് നല്ല ലക്ഷണമല്ല.
3. അവളുടെ മൊബൈൽ ഫോണും കംപ്യൂട്ടറും തുറക്കാൻ നിങ്ങളെ അനുവദിക്കില്ല
നേരത്തെ പറഞ്ഞത് പോലെ പങ്കാളികൾ തമ്മിൽ രഹസ്യങ്ങളുടെ ആവശ്യമില്ല. അവളുടെ മൊബൈൽ ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും പാസ്‌വേഡുകൾ നിങ്ങളിൽ നിന്ന് ഒളിപ്പിക്കുകയോ അല്ലെങ്കിൽ നിങ്ങളോട് പറഞ്ഞതിന് ശേഷം ഉടൻ തന്നെ പാസ്‌വേർഡ് മാറ്റുകയോ ചെയ്‌താൽ അവർക്ക് എന്തോ ഒളിപ്പിക്കാൻ ഉണ്ടെന്ന് വേണം കരുതാൻ. ഒരു കാര്യം ശ്രദ്ധിക്കണം, നിങ്ങളുടെ പാസ്‌വേർഡുകൾ രഹസ്യമാക്കി വച്ചതിന് ശേഷം പങ്കാളിയുടേത് ആവശ്യപ്പെടുന്നതിൽ അർത്ഥമില്ല.
4.കിടപ്പറയിൽ താത്പര്യമില്ല
നിങ്ങളുമായുള്ള ലൈഗിംക ബന്ധം പൂർണമായി ഒഴിവാക്കുകയോ കിടപ്പറയിൽ പതിവില്ലാത്ത രീതിയിൽ താത്പര്യം പ്രകടിപ്പിക്കുകയോ ചെയ്യും. പലപ്പോഴും കിടപ്പറയിൽ പുതിയ പരീക്ഷണങ്ങൾക്ക് അവൾ മുൻകൈയെടുക്കുന്നു, എന്നാൽ കിടപ്പറയ്‌ക്ക് പുറത്ത് ഈ സ്‌നേഹം കാണിക്കുന്നില്ല. ചിലപ്പോഴെങ്കിലും അവൾ ലൈംഗിക ബന്ധം വേണ്ടെന്ന് നിങ്ങളോട് തുറന്ന് പറയുന്നു.
5. പുതിയ ജീവിതശൈലി
തന്റെ പങ്കാളിയുടെ ജീവിതശൈലിയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം ആരിലും സംശയം ജനിപ്പിക്കും. ഇതുവരെ വസ്ത്ര ധാരണയിൽ വേണ്ടത്ര ശ്രദ്ധിക്കാതിരുന്ന അവൾ പെട്ടെന്നൊരു ദിവസം മുതൽ അലക്കിത്തേച്ച വസ്ത്രങ്ങൾ ഇടുന്നു, പുതിയ പെർഫ്യൂമുകൾ പൂശാൻ തുടങ്ങിയ അവൾ ജോലിക്ക് പോകുമ്പോഴും പെർഫ്യൂകൾ കൂടെക്കരുതുന്നു, പുതിയ ഭക്ഷണ രീതികളും ഡയറ്റും ക്രമീകരിക്കുന്നു, സംഗീതം, ഭക്ഷണം തുടങ്ങിയവയിലെ അഭിരുചി മാറുന്നു ... തുടങ്ങിയ ലക്ഷണങ്ങൾ വലിയൊരു മാറ്റത്തിന്റെ തുടക്കമാകാം.
6. നിങ്ങളുടെ ചോദ്യങ്ങൾ അവളെ ദേഷ്യപ്പെടുത്തുന്നു
ഏതൊരാളും ചോദിക്കുന്നത് പോലെ തന്റെ പങ്കാളിയോട് ചില കാര്യങ്ങൾ തിരക്കുമ്പോൾ അവൾ പെട്ടെന്ന് ദേഷ്യപ്പെടാൻ തുടങ്ങുന്നു. ചിലപ്പോൾ നിങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലായിരിക്കും ഉത്തരങ്ങൾ. ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് ദേഷ്യപ്പെടുന്ന അവൾക്ക് നിങ്ങളിൽ താത്പര്യം നഷ്ടപ്പെട്ടുവെന്ന് വേണം കരുതാൻ.
7. നിങ്ങൾ അവളെ ചതിക്കുന്നുവെന്നുള്ള കുറ്റപ്പെടുത്തൽ
പണ്ടൊരിക്കൽ തന്റെ ജീവന്റെ ജീവനായി കണ്ടിരുന്ന പുരുഷനെ ചതിക്കുന്നുവെന്ന ബോധം അവളിൽ കുറ്റബോധമായി വളരാം. ഇതിൽ നിന്നും പുറത്തുകടക്കാൻ താൻ ചതിക്കപ്പെടുന്നുവെന്ന കുറ്റപ്പെടുത്തൽ അവൾ ആവർത്തിക്കും. ഇത് നിങ്ങളിൽ അപകർഷതാ ബോധം വളർത്തുകയും അവൾ തന്നെ ആത്മാർത്ഥമായി സ്‌നേഹിക്കുന്നുവെന്ന മിഥ്യാധാരണ ഉണ്ടാവുകയും ചെയ്യും.
8. ഇത് ഞാൻ നിങ്ങളോട് പറഞ്ഞായിരുന്നോ
പ്രശസ്‌ത മനശാസ്ത്ര വിദഗ്‌ദ്ധനായ ഡോ.കോളൻ ലോംഗിന്റെ അഭിപ്രായത്തിൽ 'നിങ്ങളോട് ഇക്കാര്യം ഞാൻ പറഞ്ഞിരുന്നോ' എന്ന മുഖവുരയോടെയുള്ള സംഭാഷണങ്ങൾ ആവർത്തിക്കുന്നത് പങ്കാളികൾ തമ്മിലുള്ള ബന്ധത്തിൽ നല്ലതല്ല. ഒരുപക്ഷേ ഒരേ കാര്യം തന്നെ മറ്റ് പലരോടും പറയുന്നത് മൂലമുണ്ടാകുന്ന ആശയക്കുഴപ്പമാകാം ഇതിന് പിന്നിലെന്നും ലോംഗ് വിശദീകരിക്കുന്നു.
എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ഈ ലക്ഷണങ്ങൾ കൊണ്ട് മാത്രം അവൾ നിങ്ങളെ ചതിക്കണമെന്നില്ല. അഥവാ ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾ എത്തിപ്പെട്ടാൽ ഒരു മനശാസ്ത്രജ്ഞനെയോ കുടുംബ കൗൺസിലറെയോ കാണുന്നതാണ് നല്ലത്. ദമ്പതികൾ തമ്മിലോ കുടുംബാംഗങ്ങൾ തമ്മിലോ സംസാരിക്കുന്നത് പലപ്പോഴും കാര്യങ്ങളെ കൂടുതൽ വഷളാക്കും. ദമ്പതികൾ തമ്മിൽ എന്തും പറയാനുള്ള വിധത്തിലുള്ള ബന്ധമുണ്ടെങ്കിൽ പരസ്പരം തുറന്ന് സംസാരിക്കുന്നത് തന്നെയാണ് ഉത്തമം.