ബംഗളൂരു: പ്രളയ ദുരിതാശ്വാസം ആവശ്യപ്പെട്ടവരോട് നോട്ടടിക്കുന്ന യന്ത്രം കയ്യിലില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ വിവാദ മറുപടി. ശിവമോഗയിലെ പ്രളയ ദുരിതബാധിതരാണ് യെദിയൂരപ്പയോട് സഹായം ആവശ്യപ്പെട്ടത്. ഇവരോടായിരുന്നു യെദിയൂരപ്പയുടെ വിവാദ മറുപടി.
യെദിയൂരപ്പയുടെ പ്രതികരണത്തിനെതിരെ കോൺഗ്രസും ജനതാദൾ എസും രംഗത്തെത്തി. ദുരിത ബാധിതർക്ക് സഹായധനം എത്തിക്കാൻ കർണാക മുഖ്യമന്ത്രിയുടെ കയ്യിൽ നോട്ടടിക്കുന്ന യന്ത്രം ഇല്ലെന്നാണ് പറയുന്നത്. എന്നാൽ, ആർത്തിമൂത്ത എം.എൽ.എമാരെ തൃപ്തിപ്പെടുത്താൻ അക്ഷയപാത്ര ഫണ്ട് ഉണ്ടെന്ന് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. എം.എൽ.എമാരെ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ താമസിപ്പിക്കുന്നതിനും ചാർട്ടേഡ് വിമാനങ്ങളിൽ കയറ്റാനും ആരാണ് കറൻസി നോട്ട് അടിക്കുന്നതെന്നും ജനതാദൾ എസ് ചോദിച്ചു.