beauty-tips

സുന്ദരിയും സുന്ദരനുമാകാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്. പലപ്പോഴും ബ്യൂട്ടിപാർലറിലെ കഴുത്തറുപ്പൻ ചെലവിനെ കുറിച്ചോർക്കുമ്പോൾ ഒന്നു മടിക്കും. അധികം പൈസ ചെലവില്ലാതെ എല്ലാവർക്കും സൗന്ദര്യം വർധിപ്പിക്കാവുന്നതേയുള്ളൂ. അതിനൊന്ന് അടുക്കളയിൽ കയറണമെന്ന് മാത്രമേ വേണ്ടൂ..പാചക പരീക്ഷണങ്ങൾ നടത്തുന്നതിനിടയ്ക്ക് മുഖത്തും ചില 'കിച്ചൺ ടിപ്സ്' പരീക്ഷിക്കാം.

നീളവും മിനുസവുമുള്ള തലമുടിയാണല്ലോ സൗന്ദര്യത്തിന്റെ പ്രധാന അളവുകോൽ. അതുകൊണ്ട് തന്നെ മുടിയുടെ സംരക്ഷണ കാര്യത്തിൽ അടുക്കളയിൽ നിന്ന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ആദ്യം നോക്കാം. മുട്ട പൊട്ടിച്ച് മുട്ടയുടെ വെള്ള മാത്രമെടുക്കുക. മുടിയിൽ തേച്ചു പിടിപ്പിച്ച് വയ്ക്കുക. അല്പസമയത്തിനു ശേഷം ഇത് കഴുകിക്കളയുക. മുടിക്ക് നല്ല ആരോഗ്യവും തിളക്കവും ലഭിക്കും. ചർമ്മകാന്തി ലഭിക്കാൻ നാരങ്ങ മികച്ച ഔഷധമാണ്. നാരങ്ങാനീരും പാലും തേനും ചേർത്ത് ത്വക്കിൽ പുരട്ടുക. കുറച്ചുസമയം കഴിഞ്ഞ് കഴുകി കളയുക. ചർമ്മം തിളങ്ങും. പക്ഷേ, തിളക്കം കൂട്ടാൻ നാരങ്ങാനീര് തനിയെ ഉപയോഗിക്കരുത്. കാരണം വേറൊന്നുമല്ല നാരങ്ങാനീര് സിട്രിക് ആസിഡാണ് എന്നതുതന്നെ.
ബീറ്റ്റൂട്ട് നീര് ചുണ്ടിൽ തേയ്ക്കുന്നത് ചുണ്ടിന്റെ ചുവപ്പ് നിറം വർദ്ധിപ്പിക്കും. അടുക്കളയിലെ ഒഴിവാക്കാനാവാത്ത വിഭവങ്ങളാണ് ഉരുളക്കിഴങ്ങും തക്കാളിയും. ഇവ രണ്ടും ഒരുമിച്ച് ഉപയോഗിക്കുന്നത് മുഖസൗന്ദര്യത്തിന് നല്ലതാണ്. ഉരുളക്കിഴങ്ങ് ചാറും തക്കാളിച്ചാറും ചേർത്ത് മുഖത്ത് തേയ്ക്കുന്നത് മുഖസൗന്ദര്യത്തിന് നല്ല മരുന്നാണ്. സൗന്ദര്യത്തിന്റെ കാര്യത്തിൽ തക്കാളിയും ഒഴിവാക്കാനാകില്ല .

തൈരും തക്കാളിച്ചാറും ചേർത്ത് മുഖത്തിട്ടാൽ മുഖത്തെ പരുപരുപ്പ് മാറിക്കിട്ടും. റവ തക്കാളിച്ചാറിൽ യോജിപ്പിച്ച് മുഖത്ത് തേയ്ക്കുന്നത് മുഖത്തിന് തിളക്കം നൽകും. തക്കാളിച്ചാറിൽ വെള്ളരിക്ക കഷണം ചേർത്ത് കണ്ണിന് താഴെ പുരട്ടുകയാണെങ്കിൽ കണ്ണിന് താഴെയുള്ള കറുപ്പ് പാടുകൾ മാറിക്കിട്ടും. ഭക്ഷണത്തിൽ ഉപ്പ്, പുളി, എരിവ് എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. ഉപ്പ് അധികം കഴിക്കുന്നത് അകാലനര, മുടികൊഴിച്ചിൽ എന്നിവയ്ക്ക് ഇടയാക്കും. പുളി കൂടിയാൽ ചർമരോഗങ്ങൾ, വിളർച്ച എന്നിവ വരാം. മുഖം ദിവസവും മൂന്ന് തവണയെങ്കിലും പച്ചവെള്ളം ഉപയോഗിച്ച് കഴുകണം. വീര്യം കൂടിയ സോപ്പുപയോഗിച്ച് മുഖം കഴുകരുത്. നെല്ലിക്കാപ്പൊടിയാണ് ഏറ്റവും നല്ലത്. ചെറുപയർ പൊടി, കടലമാവ് എന്നിവയും ഉപയോഗിക്കാം. ദിവസവും രാവിലെ രക്തചന്ദനം അരച്ച് മുഖത്തു പുരട്ടി പച്ചവെള്ളത്തിൽ കഴുകുന്നത് മുഖകാന്തി കൂട്ടും.

കടലമാവ് പാലിൽ കലക്കി മുഖത്ത് പുരട്ടുന്നത് സ്വാഭാവിക നിറം നിലനിർത്താൻ സഹായിക്കും. മുഖത്തെ പാടുകൾ പോകാൻ കുങ്കുമാദി തൈലം ഉപയോഗിക്കാം. ഒന്നോ രണ്ടോ തുള്ളി കൈയിലെടുത്ത് മുഖത്ത് പുരട്ടുക. അൽപ്പനേരത്തിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം. ആഴ്ചയിലൊരിക്കൽ മുഖം ആവി പിടിക്കുന്നത് മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കും. കുളിക്കുമ്പോൾ പാച്ചോറ്റിത്തൊലി പൊടിച്ച് തേങ്ങാവെള്ളത്തിൽ കുഴച്ച് മുഖത്ത് തേക്കുക. മുഖക്കുരുവിന് കുറവുണ്ടാകും. വേപ്പിലയും പച്ചമഞ്ഞളും അരച്ചു പുരട്ടുന്നത് ചർമ രോഗങ്ങളകറ്റും. കസ്തൂരി മഞ്ഞൾ അരച്ചു പുരട്ടുന്നത്, മുഖത്തെ അനാവശ്യ രോമങ്ങൾ കളയും