muralee-thummarukudy

തിരുവനന്തപുരം: തിരുവനന്തപുരത്തെ ദുരിതാശ്വാസ പ്രവർത്തനത്തിലെ യുവാക്കളുടെ പങ്കാളിത്തത്തെയും മേയർ വി.കെ പ്രശാന്തിനെയും അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭയുടെ ദുരന്ത നിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി രംഗത്ത്. 'നമ്മുടെ പുതിയ തലമുറ അവർ കണ്ടിട്ടുകൂടി ഇല്ലാത്തവർക്ക് വേണ്ടി പകലും രാത്രിയും എന്നില്ലാതെ സന്നദ്ധപ്രവർത്തനം ചെയ്യുന്നത് കാണുന്നത് തന്നെ ഒരു ഊർജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെവിടെയും പുതിയ തലമുറ അരാഷ്ട്രീയമാണ്, സ്വാർത്ഥമാണ്, മൊബൈൽ ഫോണിനകത്താണ് എന്നൊക്കെ കുറ്റപ്പെടുത്തലുകൾ കേട്ടാണ് വളരുന്നത്. പക്ഷെ ഒരു ദുരന്തം വരുമ്പോൾ ചെന്നൈയിൽ ആണെങ്കിലും ചൈനയിൽ ആണെങ്കിലും ബാങ്കോക്കിൽ ആണെങ്കിലും തിരുവനന്തപുരത്താണെങ്കിലും മുന്നിട്ടിറങ്ങുന്നത് അവരാണ്'. മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ കുറിച്ചു.

മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ആളുകൾ പകച്ചു നിന്ന സമയത്ത് തെക്കനും വടക്കനും എന്നൊക്കെ സോഷ്യൽ മീഡിയയിലൂടെ വേർതിരിക്കുന്ന കാലത്താണ് വി.കെ പ്രശാന്ത് എന്ന ചെറുപ്പക്കാരൻ കേരളത്തിലെ യുവാക്കളുടെ മൊത്തം പ്രതിനിധിയായി മാറി ദുരിതത്തിൽ പെട്ടവർക്ക് സഹായം എത്തിക്കുവാനുള്ള സമൂഹത്തിന്റെ ആൾരൂപമായി മാറുന്നതെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ദുരന്തകാലത്തെ നേതൃത്വം..

ഇന്നലെ ദിവസം മുഴുവൻ തിരുവനന്തപുരത്തായിരുന്നു. അതിരാവിലെ ദുരന്തനിവാരണ അതോറിറ്റിയിൽ പോയി, ക്യാംപ് മാനേജ്‌മെന്റ് മുതൽ മണ്ണിനടിയിലെ സെർച്ച് ആൻഡ് റിക്കവറി വരെ ഉള്ള വിഷയങ്ങൾ ചർച്ച ചെയ്തു. ഐക്യ രാഷ്ട്ര സഭയുടെ കേരളത്തിലെ കോർഡിനേഷൻ ഓഫിസിൽ പോയി, അവിടെയും ദുരന്തം കഴിഞ്ഞു ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു. ഇന്നലെ തന്നെ തിരിച്ചു വരേണ്ടിയിരുന്നത് കൊണ്ട് ആരോടും തന്നെ മുൻകൂട്ടി പറഞ്ഞിരുന്നില്ല. ഈ ചർച്ചകളെ പറ്റി കൂടുതൽ വിശദമായി പിന്നീട് എഴുതാം.

തിരുവന്തപുരത്തെ മേയറുടെ നേതൃത്വത്തിൽ വടക്കൻ കേരളത്തിലെ ദുരിതാശ്വാസത്തിനായി ചെയ്യുന്ന കാര്യങ്ങളെ പറ്റി വാർത്തയായും ട്രോൾ ആയും ഏറെ വായിച്ചിരുന്നു. എന്നാൽ അതൊന്നു കണ്ടിട്ട് തന്നെ കാര്യം എന്ന് ചിന്തിച്ച് അങ്ങോട്ട് വച്ച് പിടിച്ചു. തിരുവനന്തപുരം മേയറെ പറ്റി മാലിന്യ നിർമ്മാർജ്ജന വിഷയത്തിൽ ഉൾപ്പടെ നല്ല വാർത്തകൾ കേട്ട് തുടങ്ങിയിട്ട് കുറച്ചു കാലമായി, പരിചയപ്പെടണം എന്ന് ആഗ്രഹം ഉള്ള ആളുമാണ്, എന്നാലും ഈ തിരക്കിൻറെ ഇടയിൽ അവിടെ നടക്കുന്ന കാര്യങ്ങൾ കാണണം എന്നല്ലാതെ എന്നല്ലാതെ മേയറെ കാണുമെന്നോ കാണണമെന്നോ വിചാരിച്ചിരുന്നില്ല.

കോർപ്പറേഷൻ ഓഫീസിന് മുന്നിലൂടെ പോകുന്നവർക്ക് തന്നെ ഇപ്പോൾ അവിടുത്തെ തിരക്ക് കാണാം. ബഹു ഭൂരിപക്ഷവും ചെറുപ്പക്കാരാണ്, സ്‌കൂൾ കോളേജ് വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും. അകത്തേക്ക് കയറുമ്പോൾ തന്നെ വോളണ്ടിയർമാരുടെ രജിസ്‌ട്രേഷൻ ഡെസ്ക് ആണ്. അത് പഴയ രീതിയിൽ പേപ്പറിൽ ആകാം അല്ലെങ്കിൽ പുതിയ ജനറേഷന് വേണ്ടി മൊബൈൽ ആപ്പ് ആകാം. തൊട്ടടുത്ത് തന്നെയാണ് പൊതുജനങ്ങളിൽ നിന്നും വസ്തുവകകൾ സ്വീകരിക്കാനുള്ള സംവിധാനം ആണ്. ചെറുതും വലുതുമായി അരിയും തുണിയുമായി സംഭാവനകൾ കുമിഞ്ഞു കൂടുകയാണ്. അവ ഒക്കെ ലോഗ് ചെയ്ത്, അതിന് ഒരു സർട്ടിഫിക്കറ്റും നൽകി, അവ ഒക്കെ ഉടൻ തന്നെ സോർട്ടിങ്ങിന് ആയി വേറെ സ്ഥലത്തേക്ക് മാറ്റുന്നു.

നമ്മുടെ പുതിയ തലമുറ അവർ കണ്ടിട്ടുകൂടി ഇല്ലാത്തവർക്ക് വേണ്ടി പകലും രാത്രിയും എന്നില്ലാതെ സന്നദ്ധപ്രവർത്തനം ചെയ്യുന്നത് കാണുന്നത് തന്നെ ഒരു ഊർജ്ജമാണ്. ലോകത്തെവിടെയും പുതിയ തലമുറ അരാഷ്ട്രീയമാണ്, സ്വാർത്ഥമാണ്, മൊബൈൽ ഫോണിനകത്താണ് എന്നൊക്കെ കുറ്റപ്പെടുത്തലുകൾ കേട്ടാണ് വളരുന്നത്. പക്ഷെ ഒരു ദുരന്തം വരുമ്പോൾ ചെന്നൈയിൽ ആണെങ്കിലും ചൈനയിൽ ആണെങ്കിലും ബാങ്കോക്കിൽ ആണെങ്കിലും തിരുവനന്തപുരത്താണെങ്കിലും മുന്നിട്ടിറങ്ങുന്നത് അവരാണ്. അവരെ കണ്ടു നിൽക്കുന്നത് തന്നെ ആനന്ദമാണ്, അവരിൽ നിന്നും ഒരു ഊർജ്ജമാണ് നമ്മിലേക്ക് പ്രസരിക്കുന്നത്. അവരുടെ പ്രവർത്തന രീതിയും വേഗവും കാണുമ്പോൾ നമ്മുടെ നാടും ഭാവിയും സുരക്ഷിതമാണെന്ന തോന്നലാണ് ഉണ്ടാകുന്നത്.

ഇനി സ്ഥലം വിട്ടേക്കാം എന്ന് കരുതി നിൽക്കുമ്പോൾ ആണ് Shibu KN വന്നു തോളിൽ തട്ടുന്നത്. ഖരമാലിന്യ നിർമാർജ്ജനത്തിന്റെ കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉള്ളതിനാൽ ഫേസ്ബുക്കിൽ ഒക്കെ അല്പം ഏറ്റുമുട്ടിയിട്ടുള്ള ആളാണ്.

"ചേട്ടൻ എപ്പോൾ വന്നു ?"

"ഇന്ന് രാവിലെ വന്നതാണ്, ഇവിടുത്തെ കാഴ്ച് കണ്ടു, സന്തോഷമായി, വൈകിട്ട് തിരിച്ചു പോകും"

"ചേട്ടൻ ഇതിന്റെ ബാക്ക് എൻഡ് ഒന്നും കണ്ടില്ലല്ലോ, അത് കൂടി കാണണം"

ഷിബു എന്നെ കോർപ്പറേഷൻ ഓഫീസിന് അകത്തേക്ക് കൊണ്ടുപോയി. അവിടുത്തെ കൗൺസിൽ ഹാൾ വൃത്താകാരത്തിൽ ഉള്ള ഒരു കെട്ടിടമാണ്, അതിനുള്ളിൽ മുഴുവൻ പുറമെ നിന്ന് വരുന്ന സാധനങ്ങൾ വേർ തിരിച്ചു പാക്ക് ചെയ്ത് ലേബൽ ഒട്ടിച്ചുകൊണ്ടിരിക്കയാണ്. ഒരു ഭാഗത്ത് ഭക്ഷണ വസ്തുക്കൾ, മറ്റിടത്ത് പായയും പുതപ്പും, വേറൊരിടത്ത് പഠനോപകരണങ്ങൾ, കുറേ സ്ഥലത്ത് മരുന്നുകൾ. മരുന്നുകൾ കൈകാര്യം ചെയ്യുന്നത് ഡോക്ടർമാരും നേഴ്‌സുമാരും മെഡിക്കൽ കോളേജ് വിദ്യാർത്ഥികളും ഒക്കെയാണ്. എല്ലാവരും ആവേശത്തിലാണ്, എവിടെയും കാണുന്നത് ആത്മവിശ്വാസം ആണ്.

"ചേട്ടൻ മേയറെ കണ്ടിട്ട് വേണം പോകാൻ" എന്ന് ഷിബു

"അദ്ദേഹം തിരക്കിലല്ലേ, പിന്നീടൊരിക്കൽ ആകാം" എന്ന് ഞാൻ

ഇക്കാര്യത്തിൽ ഒരു തർക്കം വേണ്ടി വന്നില്ല. ഞങ്ങൾ തിരിച്ചു കോർപ്പറേഷൻ ഓഫീസിന് മുന്നിലെത്തിയപ്പോൾ മേയർ ശ്രീ പ്രശാന്ത് അവിടെ ഉണ്ട്. ഒരു ചെറുപ്പക്കാരൻ ആണ്, ഒരാൾക്കൂട്ടത്തിൽ നമ്മൾ വേറിട്ട് കാണുന്ന ഒരാളല്ല. ഒട്ടും ജാടയില്ല, ചുറ്റും കൂടി നിൽക്കുന്ന ആൾക്കൂട്ടമില്ല. ഞാൻ പോയി പരിചയപ്പെട്ടു.

വടക്കൻ കേരളത്തിൽ പെട്ടെന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ആളുകൾ പകച്ചു നിന്ന ഒരു സമയത്ത് സഹായം നൽകുന്നതിൽ തെക്കനും വടക്കനും എന്നൊക്കെ ഭേദങ്ങൾ ഉണ്ട് എന്നൊക്കെ വിദ്വേഷ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പടരാൻ തുടങ്ങിയ കാലത്താണ് ഈ ചെറുപ്പക്കാരൻ കേരളത്തിലെ യുവാക്കളുടെ മൊത്തം പ്രതിനിധിയായി ദുരിതത്തിൽ പെട്ടവർക്ക് സഹായം എത്തിക്കുവാനുള്ള സമൂഹതിന്റെ ശ്രമത്തിൻ്റെ ആൾരൂപമായി മാറുന്നത്. ഏതൊരു ദുരന്തവും ഇത്തരത്തിൽ ചില വ്യക്തികളെ സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരും. ട്വിൻ ടവർ ബോംബിങ്ങിൻ്റെ സമയത്ത് റൂഡി ഗിലിയനിയും 2004 സുനാമി സമയത്ത് ജയലളിതയുടെ നേതൃത്വവും ഒക്കെ ഇത്തരത്തിൽ ഉള്ളതാണ്. പക്ഷെ അവരൊക്കെ അവർ ഇരുന്ന സ്ഥാനങ്ങളിൽ അധികാരവും വിഭവങ്ങളും ഉപയോഗിച്ചാണ് ദുരന്തങ്ങളെ നേരിട്ടതെങ്കിൽ സമൂഹത്തിന്റെ മൊത്തം ഗുഡ് വിൽ ക്രിയാത്മകമായി സംയോജിപ്പിച്ചാണ് മേയർ ശ്രീ പ്രശാന്ത് ദുരന്തകാലത്ത് പ്രസക്തമാകുന്നത്. ഒരു കണക്കിന് സാമൂഹ്യ ശൃംഖലയുടെ കാലത്ത് യുവജനങ്ങൾ ആഗ്രഹിക്കുന്ന പുതിയ മാതൃകയിൽ ഉള്ള നേതൃത്വം ആണ് നമ്മൾ തിരുവനന്തപുരത്ത് കണ്ടത്.

മുൻപിൽ നിൽക്കുന്ന ഒരാളെ ആണ് നാം കാണുന്നത്, പക്ഷെ ഈ സംഭരണ വിതരണ ശൃംഖലയിൽ മൊത്തം അണിനിരക്കുന്നവർ പ്രസരിപ്പിക്കുന്ന ഊർജ്ജമാണ് ഇദ്ദേഹത്തിലൂടെ നാം കാണുന്നത്. ഈ ഒരു ശൃംഘലമാത്രം അല്ല ഈ ദുരന്തകാലത്ത് ഉണ്ടായത്. അൻപോട് കൊച്ചി പോലെ പണ്ടുണ്ടായിരുന്നതും ഇപ്പോൾ പുതിയതായി ഉണ്ടായതും ആയ പേരുള്ളതും ഇല്ലാത്തതും ആയ അനവധി ഗ്രൂപ്പുകൾ ഈ ദുരന്തകാലത്ത് സജീവമാണ്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും സഹായങ്ങൾ ദുരിതത്തിൽ അകപ്പെട്ടവരിലേക്ക് പ്രവഹിക്കുകയാണ്. ദുരന്തകാലത്ത് എങ്ങനയെയാണ് പരസ്പരം പിന്തുണക്കേണ്ടത് എന്ന കാര്യത്തിൽ നമ്മൾ വീണ്ടും ലോകമാതൃകയാവുകയാണ്.

ഈ ദുരന്തകാലം ഏതാണ്ട് തീരുകയാണ്, ക്യാംപിൽ നിന്നും ആളുകൾ വീടുകളിലേക്ക് പോയി തുടങ്ങി. ഭക്ഷണ വസ്തുക്കൾ അല്ല വീട് വൃത്തിയാക്കാനുള്ള വസ്തുക്കൾ ഒക്കെ ആണ് ഇനി കൂടുതൽ വേണ്ടത് എന്ന് ഉത്തരവാദിത്വപ്പെട്ടവർ പറഞ്ഞു കഴിഞ്ഞു. ഒന്നോ രണ്ടോ ദിവസം കഴിയുന്നതോടെ മണ്ണിടിച്ചിലിൽ പെട്ടവർ അല്ലാത്തവർ മിക്കവാറും തിരിച്ചു വീട്ടിൽ എത്തും. ക്യാംപുകളുടെ എണ്ണം കുറയും, നമ്മുടെ കുട്ടികൾ വീണ്ടും കോളേജിലും സ്‌കൂളിലും അവരുടെ ജോലികളിലും തിരിച്ചെത്തും. പ്രശാന്തും മറ്റുള്ളവരും അവരുടെ ഉത്തരവാദിത്തങ്ങളിലേക്ക് മടങ്ങും.

പരസ്പരം സഹായിക്കാനുള്ള നമ്മുടെ സമൂഹത്തിന്റെ മനസ്ഥിതിയെ നമ്മൾ ദുരന്തം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും സംയോജിപ്പിക്കേണ്ടത് എന്ന കാര്യത്തിൽ കൂടുതൽ ചിന്തകളും ചർച്ചകളും ആവശ്യമുണ്ട്. ഈ ദുരന്തകാലത്ത് മൊത്തം നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഹാഷ്ടാഗുകളിലൂടെ പുതിയ തലമുറയുടെ താല്പര്യങ്ങൾ പിടിച്ചു നിർത്തിയ Prasanth ബ്രോ യും ആയി ഈ കാര്യങ്ങൾ ചർച്ച ചെയ്യുക എന്നതാണ് ഇത്തവണത്തെ കേരള സന്ദർശനത്തിലെ അവസാന ഐറ്റം. കൂടുതൽ കാര്യങ്ങൾ ആ ചർച്ചകൾക്ക് ശേഷം പറയാം.

മുരളി തുമ്മാരുകുടി
പെരുമ്പാവൂർ, ആഗസ്റ്റ് 15

--