delhi

ന്യൂഡൽഹി ∙ ഡൽഹിയിലെ സ്ത്രീകൾക്ക് എല്ലാ സർക്കാർ ബസുകളിലും സൗജന്യയാത്ര അനുവിദിക്കുമെന്ന് രക്ഷാബന്ധൻ ദിനത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രഖ്യാപനം.ഒക്ടോബർ 29 മുതൽ ഡൽഹിയിലെ എല്ലാ സർക്കാർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് കെജ്‌രിവാൾ അറിയിച്ചു. രക്ഷാബന്ധൻ ദിനത്തിൽ സഹോദരിമാർക്ക് ഒരു സമ്മാനം എന്നു പറഞ്ഞാണ് സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ കേജ‌്‌രിവാൾ ഇക്കാര്യം അറിയിച്ചത്.

ഡൽഹിയിലെ സർക്കാർ ബസുകൾ, ക്ലസ്റ്റർ ബസുകൾ എന്നിവയിലാണു സൗജന്യയാത്ര ഒരുങ്ങുക. സ്ത്രീസുരക്ഷയിലൂന്നിയ പൊതു ഗതാഗതം സാദ്ധ്യമാക്കുകയാണ് ലക്ഷ്യമെന്ന് കേജ്‍രിവാൾ പറഞ്ഞു. 700 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഇത് സർക്കാർ വഹിക്കുമെന്നും എന്നാൽ ബസ് ടിക്കറ്റ് എടുക്കാൻ കഴിയുന്നവർ അത് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വർഷം ജൂണിലാണ് ഡൽഹിയിലെ പൊതുഗതാഗതം സ്ത്രീസൗഹാർദമാക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹി മെട്രോയും സർക്കാർ ബസുകളും സൗജന്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ഡൽഹി മെട്രോയിൽ സംസ്ഥാന– കേന്ദ്ര സർക്കാരുകൾക്ക് തുല്യ പങ്കാളിത്തമാണ്. മെട്രോ യാത്ര സൗജന്യമാക്കുന്നതിൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് എതിർപ്പുള്ളതിനാൽ സാദ്ധ്യമാക്കാൻ കടമ്പകൾ ഏറെയാണ്.