cds

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ ഏറ്റവും പ്രധാന പ്രഖ്യാപനമാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്. ഇന്ത്യയുടെ കര,​ നാവിക,​ വ്യോമസേനകളെ നിയന്ത്രിക്കുന്ന സർവസൈന്യാധിപൻ എന്ന പദവിയിലേക്ക് നിലവിലെ കരസേനാ മേധാവി ബിപിൻ റാവത്തിനെ കേന്ദ്രസർക്കാർ പരിഗണിക്കുന്നതായാണ് സൂചന.

എയർ ചീഫ് മാർഷൽ ബി.എസ്. ധനോവയാണ് ഇപ്പോഴുള്ള മൂന്ന് സേനാ മേധാവികളിൽ സീനിയറെങ്കിലും സെപ്റ്റംബർ 31ന് അദ്ദേഹം വിരമിക്കും. അതിനാൽ ചീഫ് ഓഫ് ഡിഫൻസായി അദേഹത്തെ പരിഗണിക്കാൻ സാദ്ധ്യതയില്ല. കരസേനാ മേധാവി ബിപിൻ റാവത്തിന് ഡിസംബർ 31 വരെ കാലാവധിയുള്ളതും മോദിയോടുള്ള അദ്ദേഹത്തിന്റെ അടുപ്പവും അനുകൂല ഘടകമാണ്.

അതേസമയം സി.ഡി.എസിന് കാബിനറ്റ് സെക്രട്ടറി റാങ്ക് നല്‍കുമെങ്കിലും അധികാരം പരിമിതമായിരിക്കുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. സേനയ്ക്കുമേലുള്ള നിയന്ത്രണം സേനാമേധാവികൾക്ക് തന്നെയാവും. സേനയെ ഏകോപിപ്പിക്കലാവും സി.ഡി.എസിന്റെ പ്രധാന ചുമതല.