uae

അബുദാബി∙ ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്കുണ്ടായ തകർച്ച ഏറ്റവും കൂടുതൽ ഗുണം ചെയ്തത് ഗൾഫ് മലയാളികൾക്ക്. രൂപ ദുർബലമായതോടെ ഗൾഫ് കറൻസികളുമായി വിനിമയ നിരക്കിൽ വലിയ വ്യത്യാസമാണ് രൂപയ്ക്കുണ്ടായത്. രാജ്യാന്തര വിപണിയിൽ ഒരു യു.എ.ഇ ദിർഹത്തിന് 19 രൂപ 48 പൈസ വരെ ഇന്ന് ലഭിച്ചിരുന്നു. ഇതനുസരിച്ച് 1000 ഇന്ത്യൻ രൂപ ലഭിക്കാൻ 51 ദിർഹം 32 ഫിൽസ് നൽകിയാൽ മതി.

5132.44 ദിർഹം നൽകിയാൽ ഒരു ലക്ഷം ഇന്ത്യൻ രൂപ ലഭിക്കും. ഒരു സൗദി റിയാലിന് 19.08 രൂപ, ഖത്തർ റിയാലിന് 19.64, ബഹ്റൈൻ ദിനാറിന് 189.72, ഒമാൻ റിയാലിന് 185.76, കുവൈത്ത് ദിനാറിന് 235.12 രൂപ എന്നിങ്ങനെയാണ് രാജ്യാന്തര വിപണി നിരക്ക്. ഈ നിരക്കിൽനിന്ന് ഏതാണ്ട് 10 ഫിൽസ് കുറച്ചാണ് പ്രാദേശിക വിപണിയിൽ വിനിമയം നടക്കുന്നത്. യു.എ.ഇയിലെ വിവിധ എക്സ്ചേഞ്ചുകളിൽനിന്ന് ഒരു ദിർഹത്തിന് 19.39 പൈസയാണ് ഇന്നലെ ലഭിച്ച മികച്ച നിരക്ക്. ഈ മാസം തുടക്കത്തിൽ തന്നെ രൂപ 19 കടന്നതോടെ പ്രവാസികൾ മെച്ചപ്പെട്ട നിരക്കിനായി കാത്തിരിക്കുകയായിരുന്നു.

നിക്ഷേപം ഉദ്ദേശിച്ച് അയക്കുന്നവരാണ് നിരക്ക് കൂടുന്നതിന് അനുസരിച്ച് എക്സ്ചേഞ്ചുകളിലെത്തുന്നത്. കൂടാതെ അടിയന്തര ആവശ്യത്തിന് പണം അയക്കുന്നവരും എത്തുന്നു. കേരളത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായം അയയ്ക്കുന്നവർക്കും കൂടുതൽ തുക നാട്ടിൽ ലഭിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് എക്സ്ചേഞ്ച് അധികൃതർ പറയുന്നു.