ന്യൂയോർക്ക് : ജിബ്രാട്ടൾട്ടർ കടലിടുക്കിൽ ഈമാസം 4നു ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ എണ്ണക്കപ്പൽ ഗ്രേസ് വൺ വിട്ടയ്ക്കാൻ ഉത്തരവിട്ടു. ജിബ്രാൾട്ടർ സുപ്രിംകോടതിയാണ് കപ്പൽ വിട്ടുനൽകാൻ ഉത്തരവിട്ടത്. കപ്പൽ വിട്ടുനൽകരുതെന്നാവശ്യപ്പെട്ട് അമേരിക്കയാണ് ജിബ്രാൾട്ടർ കോടതിയെ സമീപിച്ചത്. അമേരിക്കയുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കപ്പലിലുള്ള എണ്ണ സിറിയയിലേക്ക് കൊണ്ടുപോകില്ലെന്ന് ഇറാൻ കോടതിക്ക് ഉറപ്പു നൽകിയിരുന്നു. ഇതിനെതുടർന്നാണ് കപ്പൽ വിട്ടയ്ക്കുന്നത്.
എണ്ണക്കപ്പലിലെ മലയാളികൾ ഉൾപ്പെടെ ജീവനക്കാരായ 24 ഇന്ത്യക്കാരെ ഇന്ന് മോചിപ്പിച്ചിരുന്നു.
ബ്രിട്ടന്റെ അധീനതയിലുള്ള മെഡിറ്റീറിയൻ ഭൂപ്രദേശമാണ് ജിബ്രാൾട്ടർ..
ഗ്രേസ് വൺ കപ്പൽ വിട്ടുനല്‍കാൻ നേരത്തെ ബ്രിട്ടൻ തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലെത്തിയപ്പോൾ ആണ് അമേരിക്കയുടെ അപ്രതീക്ഷിത ഇടപെടൽ. ഇതോടെ കാര്യങ്ങൾ സങ്കീർണമാക്കുകയും കപ്പലിലെ ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്ക ഉയരുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാരെ മോചിപ്പിച്ചതും കപ്പൽ വിട്ടയക്കാൻ ഉത്തരവിട്ടതും.