ബിപിൻ റാവത്ത് സി. ഡി. എസ് ആകാൻ സാദ്ധ്യത.
ന്യൂഡൽഹി:ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾക്ക് ഒറ്റ മേധാവിയായി 'ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ( സി. ഡി. എസ് ) എന്ന അത്യുന്നത തസ്തിക സൃഷ്‌ടിക്കും. പ്രതിരോധ കാര്യങ്ങളിൽ പ്രധാനമന്ത്രിയെ ഉപദേശിക്കുന്ന ഉന്നത സൈനിക
ഓഫീസറുമായിരിക്കും സി. ഡി. എസ്.എന്നാൽ ഒാപ്പറേഷൻ കാമാൻഡിംഗ് അധികാരം സി. ഡി. എസിന് ഉണ്ടായിരിക്കില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്.
അമേരിക്ക, ബ്രിട്ടൻ,ഫ്രാൻസ്, ജർമ്മനി തുടങ്ങിയ വൻ സൈനിക ശക്തികളുടെ മാതൃകയിലാണ് ഇന്ത്യയിലും സി. ഡി. എസ് വരുന്നത്.
ശക്തമായ നേതൃത്വത്തിലൂടെ മൂന്ന് സേനകളെയും ഏകോപിപ്പിച്ച് പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനാണ് ഇതെന്ന് മോദി പറഞ്ഞു.
ഇരുപത് വർഷം പഴക്കമുള്ള ഒരു ശുപാർശയാണ് ഇതോടെ നടപ്പാകുന്നത്. 1999ൽ കാർഗിൽ യുദ്ധത്തിലെ പിഴവുകൾ അന്വേഷിച്ച സമിതിയാണ് മൂന്ന് സേനകളുടെയും പരമോന്നത മേധാവിയായി ഫൈവ് സ്റ്റാർ റാങ്കിൽ ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫിനെ നിയമിക്കണമെന്ന് ആദ്യം ശുപാർശ ചെയ്‌തത്. പിന്നീട് പല സമിതികളും മുന്നോട്ട് വച്ച ശുപാർശ രാഷ്‌ട്രീയ ഭിന്നതകൾ കാരണം നടപ്പാക്കാതെ നീളുകയായിരുന്നു.
കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് സി. ഡി. എസ് ആകാനാണ് സാദ്ധ്യത. സേനാമേധാവിമാരിൽ സീനിയർ വ്യോമസേനാ മേധാവി ബി. എസ്. ധനോവയാണെങ്കിലും അദ്ദേഹം സെപ്റ്റംബർ 30 ന് വിരമിക്കും. സി. ഡി.എസ് തസ്‌തികയുടെ കാലാവധിയും ചുമതലകളും നിയമന നടപടികളും നവംബറോടെയേ അന്തിമ രൂപമാകൂ. ബിപിൻ റാവത്ത് ഡിസംബർ 31നാണ് വിരമിക്കുന്നത്.
ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ്
മൂന്ന് സേനാമേധാവിമാർക്കും മുകളിലായിരിക്കും സി.ഡി. എസ്.
മൂന്ന് സേനാമേധാവിമാർ വെവ്വേറെ പ്രതിരോധമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുന്ന രീതി മാറും
ഇനി സി.ഡി.എസ് പ്രധാനമന്ത്രിയുടെ ഏക സൈനിക ഉപദേഷ്‌ടാവായിരിക്കും.
മൂന്ന് സേനകളുടെയും ആസൂത്രണം, ഓപ്പറേഷനുകൾ, പർച്ചേസ്, പരിശീലനം തുടങ്ങിയവയുടെ മേൽനോട്ടം സി.ഡി.എസിനായിരികും.
സംയുക്ത കമാൻഡ്
സി.ഡി.എസിന്റെ നിയന്ത്രണത്തിൽ മൂന്ന് സേനകളുടെയും സംയുക്ത കമാൻഡ്
( ഇന്റഗ്രേറ്റഡ് തിയേറ്റർ കമാൻഡ്) രൂപീകരിച്ചേക്കും. .
''ഇന്ത്യയ്‌ക്ക് സി. ഡി. എസ് ഉണ്ടായിരുന്നെങ്കിൽ കാർഗിൽ യുദ്ധത്തിന്റെ ആദ്യഘത്തിൽ നമ്മുടെ സൈന്യത്തിന് ഇത്രയേറെ ആൾനാശം ഉണ്ടാവില്ലായിരുന്നു. അന്ന് വ്യോമ സേന ഇടപെടാൻ വൈകിയത് ശരിയായ ഏകോപനം ഇല്ലാത്തതിനാലാണ്.ഇത്തരം ഘട്ടങ്ങളിൽ സർക്കാരിനെ ഉപദേശിക്കാൻ ഒരു കേന്ദ്ര അതോറിറ്റി ആവശ്യമാണ്. ''
- റിട്ട. ലഫ്‌റ്റ. ജനറൽ ഡി. ബി.ഷെകാത്കർ
സൈനിക പരിഷ്‌കാര സമിതി മുൻ അദ്ധ്യക്ഷൻ