അബുദാബി: കേരളത്തിൽനിന്നു ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. പെരുന്നാൾ അവധിക്ക് നാട്ടിൽ പോയി തിരിച്ച് വരുന്നവർക്ക് താങ്ങാനുന്നതിനപ്പുറമുള്ള നിരക്കാണ് ഇപ്പോൾ ഈടാക്കുന്നത്. ഗൽഫിൽ സ്‌കൂൾ തുറക്കാൻ രണ്ടാഴ്ച ശേഷിക്കെയാണ് ഇങ്ങനെയൊരു നീക്കം. മാത്രമല്ല തിരക്കു കൂടിയായതോടെ വിമാനങ്ങളിൽ സീറ്റും ലഭ്യമല്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.
കോഴിക്കോട് നിന്ന് അബുദാബിയിലെത്തിയ പുന്നയൂർക്കുളം സ്വദേശി മുഹമ്മദ് സലീമിന് എത്തിഹാദ് എയർലൈനിൽ 35,000 രൂപയ്ക്കാണ് ടിക്കറ്റ് കിട്ടിയത്. ഇതേ വിമാനത്തിൽ ഇന്നു വരണമെങ്കിൽ ഇക്കണോമി ക്ലാസിൽ സീറ്റില്ല. ബിസിനസ് ക്ലാസിൽ വരണമെങ്കിൽ ഒരുലക്ഷം രൂപയിൽ കൂടുതൽ കൊടുക്കുകയും വേണം. ബജറ്റ് എയർലൈനായ ഇൻഡിഗൊ വിമാനത്തിൽ ഇതേ സെക്ടറിൽ വരാൻ 30,000 രൂപ കൊടുക്കണം. എയർ ഇന്ത്യാ എക്സ്പ്രസിലാണെങ്കിൽ സീറ്റുമില്ല.
നാലംഗ കുടുംബത്തിന് ഇപ്പോൾ കേരളത്തിൽനിന്ന് അബുദാബി, ദുബായ്, ഷാർജ തുടങ്ങി യുഎഇയിലെ ഏതു സെക്ടറിലേക്ക് വരണമെങ്കിലും ഒന്നര ലക്ഷം മുതൽ നാലര ലക്ഷം രൂപ വരെ കൊടുക്കേണ്ടി വരുന്ന അവസ്ഥയാണ്. സെപ്റ്റംബർ കഴിഞ്ഞാൽ മാത്രമേ നിരക്ക് അൽപം താഴാൻ സാധ്യതയുള്ളൂവെന്നാണ് അറിയാൻ കഴിഞ്ഞത്. അതേസമയം കൂടുതൽ സർവീസ് നടത്താൻ അനുമതി നൽകണമെന്നാണ് പ്രവാസികളുടെ ആവശ്യപ്പെടുന്നത്.