sreenath-namboothiri

മലപ്പുറം: കേരളം മറ്റൊരു ദുരിതത്തെ നേരിടുമ്പോൾ ഒരു ജനത മുഴുവൻ സഹായഹസ്‌തവുമായി പ്രളയബാധിതർക്കൊപ്പമുണ്ട്. പലരും തങ്ങളാൽ കഴിയുന്നതിനുമപ്പുറം ദുരിത മേഖലയിലേക്ക് സഹായം എത്തിക്കുന്നുമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവനകൾ ഒഴുകി എത്തുകയാണ്. കഴിഞ്ഞദിവസവും ലഭിച്ചു ഒരു വ്യത്യസ്‌തമായ സംഭാവന. മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്ര മേൽശാന്തി തന്റെ കടുക്കനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി ഊരി നൽകിയത്.

സി.പി.എം അങ്ങാടിപ്പുറം ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസഫണ്ട് സമാഹരണത്തിന് പ്രവർത്തകർ എത്തിയപ്പോഴായിരുന്നു മേൽശാന്തിയായ ശ്രീനാഥ് നമ്പൂതിരി, 'ദുരിതാശ്വാസനിധിയിലേക്ക് എന്റെ വക ഇതായിരിക്കട്ടെ' എന്ന് പറഞ്ഞുകൊണ്ട് കടുക്കൻ ഊരി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനും ശ്രീനാഥ് നമ്പൂതിരിയുടെ കാര്യം എടുത്തുപറയേണ്ടതു തന്നെയാണെന്ന് കാട്ടി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

അങ്ങാടിപ്പുറം ഏറാന്തോടെ പന്തല കോടത്ത് ഇല്ലത്തെ അംഗമാണ് ശ്രീനാഥ് നമ്പൂതിരി. വള്ളുവനാട്ടിലെ പ്രധാനക്ഷേത്രങ്ങളിലൊന്നാണ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം.