വാഷിംഗ്ടൺ: ചൈനയുടെ അഭ്യർത്ഥനയെത്തുടർന്ന് യു.എൻ സെക്യൂരിറ്റി കൗൺസിൽ (യു.എൻ.എസ്.സി) കാശ്മീർ വിഷയം ചർച്ച ചെയ്യാനൊരുങ്ങുന്നു. ഇന്ന് രാവിലെ പത്ത് മണിക്ക്(ഇന്ത്യൻ സമയം)അടച്ചിട്ട മുറിയിലായിരിക്കും വിഷയം ചർച്ചചെയ്യുകയെന്ന് ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ബുധനാഴ്ച നടന്ന കൗൺസിലിന്റെ അനൗപചാരിക യോഗത്തിലാണ് ചൈന അഭ്യർത്ഥന കത്ത് നൽകിയതെന്ന് നയതന്ത്രജ്ഞർ പറയുന്നു. അതേസമയം ഇന്നത്തെ ചർച്ചയിൽ പാകിസ്ഥാനെ പങ്കെടുപ്പിക്കില്ല. യോഗത്തിലുണ്ടാകുന്ന പ്രസ്താവനകളോ പരാമർശങ്ങളോ റെക്കോർഡ് ചെയ്ത് സൂക്ഷിക്കില്ല. ഇത് ചർച്ച ചെയ്യാനോ മാദ്ധ്യമങ്ങളിൽ പ്രക്ഷേപണം ചെയ്യാനോ അനുവദിക്കില്ല.
കാശ്മീർ വിഷയം വ്യാഴാഴ്ച ചർച്ച ചെയ്യണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നലെ മറ്റ് യോഗങ്ങളൊക്കെ നിശ്ചയിച്ചതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നുവെന്ന് നയതന്ത്രജ്ഞർ പറഞ്ഞു. ചർച്ചയിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്നതിനെക്കുറിച്ച് പോളണ്ടിലെ സെക്യൂരിറ്റി കൗൺസിൽ പ്രസിഡന്റ് ജോന്ന റോണക്ക പരിശോധിച്ച് വരികയാണെന്നും നയതന്ത്രജ്ഞർ പറഞ്ഞു.
കാശ്മീരിന് പ്രത്യേക അനുമതി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ചർച്ച ചെയ്യണമെന്നഭ്യർത്ഥിച്ച് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി നേരത്തെ കത്തെഴുതിയിരുന്നു. ഇത് ഐക്യരാഷ്ട്രസഭയിലെ പാക് സ്ഥാനപതി മലീഹ ലോധി യു.എൻ.എസ്.സി പ്രസിഡന്റിന് കൈമാറിയിരുന്നു.