chief-of-defense-staff

ന്യൂഡൽഹി: സ്വാതന്ത്ര്യദിന സന്ദേശത്തിലെ പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനമായിരുന്നു ഇന്ത്യയുടെ മൂന്ന് സൈനിക വിഭാഗത്തിനും അധിപനായി ഒരു സേനാതലവൻ (ചീഫ് ഒഫ് ഡിഫൻസ് സ്‌റ്റാഫ്) ഉടൻ തന്നെ വരുമെന്നത്. അതീവ കൗതുകത്തോടെയാണ് രാജ്യം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ കേട്ടിരുന്നത്. പിന്നീടത് ആകാംക്ഷയിലേക്കും വഴിവയ്‌ക്കുകയായിരുന്നു. കര,​ വ്യോമ,​ നാവിക സേനാമേധാവികൾക്കും മുകളിൽ ആരാകാം അത്തരത്തിൽ ഒരു സർവസൈന്യാധിപനെന്ന്. തീർച്ചയായും ഇന്ത്യയുടെ സർവസൈന്യാധിപൻ രാഷ്‌‌ട്രപതി തന്നെയാണ്. എന്നിരുന്നാലും പ്രതിരോധ സംബന്ധമായ കാര്യങ്ങളിൽ രാഷ്‌‌ട്രപതി ഇടപെടാറില്ല. ഇവിടെയാണ് ചീഫ് ഒഫ് ഡിഫൻസ് സ്‌റ്റാഫിന്റെ (സി.ഡി.എസ്) പ്രാധാന്യം.

പെട്ടെന്നുണ്ടായ പ്രഖ്യാപനമല്ല സി.ഡി.എസ്, നാൾവഴി ഇങ്ങനെ

72 വർഷത്തിനിടയ്‌ക്ക് ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ ഉണ്ടാകുന്ന ഏറ്റവും ഗൗരവമേറിയ പരിഷ്‌കാരം എന്നുതന്നെ വിശേഷിപ്പിക്കണം മോദിയുടെ പ്രഖ്യാപനത്തെ. യഥാർത്ഥത്തിൽ കാർഗിൽ യുദ്ധമാണ് ചീഫ് ഒഫ് ഡിഫൻസ് സ്‌റ്റാഫ് എന്ന പദവി ഇന്ത്യൻ സൈന്യത്തിന് വേണമെന്ന ആവശ്യം ഉയർത്തിയത്. കാർഗിൽ അനുഭവപാഠങ്ങളുടെ പശ്ചാത്തലത്തിൽ കെ.സുബ്രഹ്മണ്യം കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ഡി.എസ് എന്ന നിർദേശം ഉയർന്നുവന്നത്. തുടർന്ന് 2001ൽ ഉപപ്രധാനമന്ത്രിയായിരുന്ന എൽ.കെ അദ്വാനി അദ്ധ്യക്ഷനായ മന്ത്രിസഭാ സമിതി സി.ഡി.എസിന് ശുപാർശ ചെയ്‌തു. എന്നാൽ അത് നടപ്പായില്ല. പിന്നീട് 2016ൽ ലെഫ്‌.ജനറൽ ശേഖത്‌കർ കമ്മിറ്റി സി.ഡി.എസിന്റെ മറ്റൊരു പതിപ്പായ 'പെർമനന്റ് ചെയർമാൻ ചീഫ് ഒഫ് സ്‌റ്റാഫ് കമ്മിറ്റി' എന്ന നി‌ർദേശം മുന്നോട്ടു വച്ചെങ്കിലും അതും നിർദേശങ്ങളായി മാത്രം ഒതുങ്ങി.

എന്താണ് സി.ഡി.എസ്, ആരാകാമത്?

നിരവധി ഘടകങ്ങൾ ചേർത്തു പറയേണ്ടി വരും സി.ഡി.എസ് എന്ന ചീഫ് ഒഫ് ഡിഫൻസ് സ്‌റ്റാഫിന് നിർവചനമേകാൻ. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നുകഴിഞ്ഞെങ്കിലും ആരാകും ഈ പദവിയിൽ വരികയെന്നോ, എന്ന് വരുമെന്നോ എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. എന്നാൽ സൈന്യത്തിന്റെ ബഡ്‌ജറ്റ് അടക്കമുള്ള കാര്യങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നതായിരിക്കും സി.ഡി.എസിന്റെ അധികാരം എന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ ഭരണനേതൃത്വത്തിനും സേനാവിഭാഗങ്ങൾക്കും ഇടയിലെ ഏറ്റവും സുപ്രധാന കണ്ണിയാവും സി.ഡി.എസ്. കാബിനറ്റ് സെക്രട്ടറിക്കോ, കേന്ദ്ര സഹമന്ത്രിക്കോ തുല്യമായ പദവിയാകാനാണ് സാധ്യത. പഞ്ചനക്ഷത്ര റാങ്കോ, നാലരനക്ഷത്ര റാങ്കോ നൽകിയേക്കാം (സേന മേധാവിമാർക്ക് നാല് നക്ഷത്രമാണുള്ളത്).

വ്യോമസേനാ മേധാവി ബി.എസ് ധനോവയാണ് നിലവിൽ മൂന്ന് സൈനിക മേധാവികളിലും ഏറ്റവും സീനിയർ. എന്നാൽ കരസേനാ മേധാവിയായ ബിപിൻ റാവത്തിനും സാധ്യത കൽപ്പിക്കപെടുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇന്ത്യയുടെ സൈനികതലവനാരെന്ന് അത്യന്തികമായി തീരുമാനിക്കപ്പെടുക പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിക്ഷിപ്‌തമാണെന്നതിൽ സംശയമില്ല.