മലപ്പുറം: ദുരിതാശ്വാസ പ്രവർത്തന സർവകക്ഷി യോഗത്തിനിടയിലെ പ്രസംഗത്തിൽ കണ്ണീരണിഞ്ഞ് എൽ.ഡി.എഫ് സ്വതന്ത്ര എം.എൽ.എ പി.വി അൻവർ. വ്യാഴാഴ്ച വൈകിട്ട് നിലമ്പൂർ പോത്തുകല്ല് ബസ് സ്റ്റാൻഡിൽ നടന്ന ദുരിതാശ്വാസ പ്രവർത്തന യോഗത്തിൽ പത്ത് ലക്ഷം രൂപ പ്രകൃതിക്ഷോഭ ദുരന്ത നിവാരണ ഫണ്ടിലേക്ക് എം.എൽ.എ വാഗ്ദാനം ചെയ്യുകയും ചെയ്തു. എം.എൽ.എ ഒറ്റയ്ക്കാണ് ഇത്രയും തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകുക. കരച്ചിൽ താങ്ങാനാകാതെ എം.എൽ.എ തന്റെ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിക്കുകയായിരുന്നു.
പി.വി അൻവർ എം.എൽ.എയുടെ വാക്കുകൾ ഇങ്ങനെ. 'ഈ പ്രയാസങ്ങൾ കഴിഞ്ഞ അഞ്ചാറു ദിവസങ്ങളായി നേരിൽ കാണുകയാണ് ഞാൻ. എന്തുചെയ്യണമെന്നോ എന്തുപറയണമെന്നോ അറിയില്ല. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ കണ്ണീർ കാണാൻ വയ്യ. ജീവിതത്തിൽ സമ്പാദിച്ചതെല്ലാം ഒരു രാത്രികൊണ്ട് നഷ്ടപ്പെട്ടവരോട് ഒരു എം.എൽ.എ എന്ന നിലയിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് പറയാൻ കഴിയാതെ വീർപ്പുമുട്ടുകയാണ്.'
ഇങ്ങനെ പറഞ്ഞ് വേദിയിൽ വച്ച് അദ്ദേഹം വിങ്ങിപ്പൊട്ടി. സഹായം പ്രഖ്യാപിച്ചും സഹായം അഭ്യർത്ഥിച്ചും നിങ്ങളോടൊപ്പം ഒരു സഹോദരനായി ഉണ്ടാകുമെന്നും എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ പ്രസംഗത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. നിലമ്പൂരിൽ ഇത്തവണ ഉണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും മുന്നിൽ ഉണ്ടായിരുന്നത് പി.വി അൻവർ എം.എൽ.എയാണ്.