മോസ്കോ: 233 യാത്രക്കാരുമായി പറന്നുയർന്ന എയർ ബസിന്റെ എ321 വിമാനം പക്ഷിയിടിച്ച് തകരാറിലായതിനെ തുടർന്ന് പാടത്ത് ഇടിച്ചിറക്കി. മോസ്കോയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തെ പാടത്താണ് വിമാനം സുരക്ഷിതമായി അടിയന്തര ലാൻഡിംഗ് നടത്തിയത്. സംഭവത്തെ തുടർന്ന് 23 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും എല്ലാവരും സുരക്ഷിതമാണെന്നും വിമാനക്കമ്പനി അറിയിച്ചു. മനസാന്നിദ്ധ്യം കൈവിടാതെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിപ്പിച്ച പൈലറ്റിന് ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്ന് അഭിനന്ദന പ്രവാഹമാണ്.
വ്യാഴാഴ്ച രാവിലെ മോസ്കോയിലെ സുകോവ്സകി വിമാനത്താവളത്തിൽ നിന്നാണ് 'ദ യുറൽ എയർലൈൻസ്' എന്ന വിമാനം പറന്നുയർന്നത്. മോസ്കോയിൽ നിന്ന് ക്രിമിയയിലെക്ക് പോകുകയായിരുന്നു വിമാനം. റൺവെയിൽ നിന്ന് പറന്നുയർന്ന് ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ പക്ഷിയിടിക്കുകയായിരുന്നു. തുടർന്ന് പാടത്ത് അടിയന്തരലാൻഡിംഗ് നടത്തുകയായിരുന്നു.
41കാരനായ ദാമിർ യൂസുപോവായിരുന്നു വിമാനത്തിന്റെ പൈലറ്റ്. റൊമൻസ്കിലെ മഹത്ഭുതം എന്നാണ് റഷ്യൻ മാദ്ധ്യമങ്ങൾ സംഭവത്തെ വിശേഷിപ്പിച്ചത്. പൈലറ്റ് ദാമിർ യൂസുപവ് വീര നായകനാണെന്ന് റഷ്യൻ മാദ്ധ്യമമായ പ്രാവ്ദ വിശേഷിപ്പിച്ചു. 233 പേരുടെ ജീവൻ രക്ഷിച്ച യൂസുപോവും സഹപ്രവർത്തകരും നായകന്മാരാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.