തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച ഹിന്ദി ചലച്ചിത്ര നടി വിദ്യാ സിൻഹ(71) മലയാളത്തിലെ ആദ്യ 70 എം.എം. സിനിമയായ പടയോട്ടത്തിലെ നായികയായിരുന്നുവെന്ന് എത്ര പേർക്കറിയാം...?ഹിന്ദിയിൽ തിളങ്ങി നിന്ന വിദ്യാ സിൻഹയെ പടയോട്ടത്തിൽ നായികയാകാൻ ക്ഷണിച്ചത് സംവിധായകനായ ജിജോയായിരുന്നു. പടയോട്ടത്തിലെ നായകൻ സൂപ്പർസ്റ്റാർ പ്രേംനസീർ ആയിരുന്നു.നായികയായെത്തിയ വിദ്യാസിൻഹ പക്ഷേ ഒരു ഷോട്ട് ചിത്രീകരിച്ചപ്പോൾ തന്നെ ചിത്രത്തിൽ നിന്ന് സ്വയം പിൻമാറുകയായിരുന്നു.
അതേക്കുറിച്ച് പടയോട്ടത്തിന്റെ ഛായാഗ്രാഹകനായിരുന്ന രാമചന്ദ്രബാബു ഇങ്ങനെ എഫ്.ബി.യിൽ കുറിച്ചു."1982 ലായിരുന്നു പടയോട്ടത്തിന്റെ ചിത്രീകരണം.മലമ്പുഴയിൽ രാജകൊട്ടാരത്തിന്റെ സെറ്റ് ഇട്ടിരുന്നു.ഒരു രംഗം ചിത്രീകരിച്ചു.സഹതാരങ്ങളുടെ നെടുങ്കൻ ഡയലോഗുകൾ കേട്ട് അവർ പേടിച്ചുപോയി.തിരക്കഥാകൃത്ത് ഗോവിന്ദൻകുട്ടിയായിരുന്നു.തനിക്കു പരിചിതമല്ലാത്ത ഭാഷയിൽ ഇത്രയും ദൈർഘ്യമുള്ള സംഭാഷണങ്ങൾ ഉരുവിടാൻ പ്രയാസമാണെന്ന് പറഞ്ഞാണ് വിദ്യാസിൻഹ പടയോട്ടത്തിൽ നിന്ന് പിൻമാറിയത്. തിരക്കഥാകൃത്ത് അടക്കം എല്ലാവരും അവരെ സമാശ്വസിപ്പിച്ച് പിടിച്ചുനിർത്താൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങാതെ മടങ്ങുകയായിരുന്നു.പകരം നടി ലക്ഷ്മിയാണ് നസീറിന്റെ നായികയായത്." വിദ്യാസിൻഹ അഭിനയിച്ച അവസാന ഹിന്ദി ചിത്രം ' ബോഡിഗാർഡ്' സംവിധാനം ചെയ്തത് മലയാളി സംവിധായകൻ സിദ്ദിക്കായിരുന്നു.
ബസുചാറ്റർജിയുടെ സൂപ്പർഹിറ്റ് ചിത്രം 'രജനീഗന്ധ'യാണ് വിദ്യാസിൻഹയെ ശ്രദ്ധേയയാക്കിയത്.മുൻ മിസ്സ് മുബൈയും മോഡലുമായിരുന്ന വിദ്യ സിൻഹ ചോട്ടീ സീ ബാത്ത്,പതി പത്നി ഓർ വോ എന്നീ ചിത്രങ്ങളിലൂടെ ദേശീയ തലത്തിൽ പ്രേക്ഷകരുടെ മനം കവർന്നു.അയൽക്കാരനായ തമിഴ് ബ്രാഹ്മണൻ വെങ്കിടേശ്വരൻ അയ്യരെ വിദ്യ പ്രേമിച്ചു വിവാഹം കഴിക്കുകയായിരുന്നു.ഇവർ ഒരു കുട്ടിയെ എടുത്തു വളർത്തി.ഭർത്താവിന്റെ മരണത്തെ തുടർന്ന് വിദ്യ കുറെക്കാലം ആസ്ട്രേലിയയിലായിരുന്നു.തന്നേക്കാൾ പ്രായത്തിൽ വളരെ മൂത്ത ഡോക്ടർ ഭീം റാവുവുമായി അടുപ്പത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തു.പക്ഷെ ഈ ബന്ധം അധിക നാൾ നീണ്ടുനിന്നില്ല.തന്നെ പീഢിപ്പിക്കുന്നുവെന്ന് വിദ്യ പൊലീസിൽ പരാതിപ്പെടുകയും വിവാഹ മോചനത്തിലെത്തുകയും ചെയ്തു.നീണ്ട നിയമയുദ്ധത്തിനൊടുവിൽ നഷ്ടപരിഹാരവും നേടിയെടുത്തു.ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് മുംബൈയിലായിരുന്നു വിദ്യാസിൻഹയുടെ വേർപാട്.