കൊൽക്കത്ത: മദ്യപിച്ച് വാഹനമോടിക്കുകയും, അനേകം പേരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്ത ബി.ജെ.പി.എം.പി രൂപ ഗാംഗുലിയുടെ മകനെ കൊൽക്കത്ത പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന എം.പിയുടെ മകൻ ആകാശ് മുഖോപാദ്ധ്യായ് ഉന്നതർ സന്ദർശിക്കുന്ന തെക്കൻ കൊൽക്കത്തയിലെ ഒരു ഗോൾഫ് ക്ലബിന്റെ മതിലിലേക്കാണ് തന്റെ കറുത്ത സെഡാൻ കാർ ഇടിച്ച് കയറ്റിയത്.
ആകാശിന്റെ കാർ തങ്ങളുടെ നേർക്ക് വരുന്നത് നേരത്തെ തന്നെ കണ്ടതിനെ തുടർന്ന് ഒഴിഞ്ഞ് മാറിയതിനാലാണ് വാഹനമിടിക്കാതെ തങ്ങൾ രക്ഷപ്പെട്ടതെന്ന് ക്ലബിന് സമീപം ഉണ്ടായിരുന്നവർ പറയുന്നു. വ്യാഴാഴ്ച ഗോൾഫ് ഗാർഡൻ ഏരിയയിലുള്ള ക്ലബിലാണ് സംഭവം നടന്നത്.
അപകടത്തിൽ ഗോൾഫ് ക്ലബിന്റെ അതിർത്തി മതിലിന്റെ ഒരു ഭാഗം തകർന്ന് വീണു. ഇതിനെ തുടർന്ന് പ്രകാശിന് കാറിൽ നിന്നും പുറത്തിറങ്ങാൻ സാധിച്ചില്ല. ഒടുവിൽ അപകടത്തിന്റെ ശബ്ദം കേട്ട് വന്ന ആകാശിന്റെ അച്ഛന്റെ സഹായത്തോടെയാണ് നാട്ടുകാർ ഇയാളെ രക്ഷപ്പെടുത്തിയത്. ഗോൾഫ് ക്ലബിന് അടുത്ത് തന്നെയാണ് ആകാശിന്റെ വീട്. ആകാശിനെ കാറിൽ നിന്നും പുറത്തിറക്കിയ ശേഷം ഇയാളെ ജാദവ്പൂർ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.
അപകടം സംബന്ധിച്ച് 'നിയമം അതിന്റെ വഴിക്ക് നീങ്ങും' എന്നാണ് ആകാശിന്റെ അമ്മയും എം.പിയുമായ രൂപ പ്രതികരിച്ചത്. തന്റെ മകനെ രക്ഷപ്പെടുത്താൻ ശ്രമിക്കില്ലെന്നും രൂപ ട്വീറ്റ് വഴി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂപ തന്റെ ട്വീറ്റിൽ ടാഗ് ചെയ്തിരുന്നു. ബംഗാളിലെ അറിയപ്പെടുന്ന നടി കൂടിയാണ് രൂപ ഗാംഗുലി. 'മഹാഭാരതം' സീരിയലിൽ ദ്രൗപതിയുടെ വേഷം അവതരിപ്പിച്ചത് രൂപയായിരുന്നു.