തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായി പെയ്തിരുന്ന മഴയ്ക്ക് കുറവ് സംഭവിച്ചതായും ഇനി ഒരാഴ്ചത്തേക്ക് കേരളത്തിൽ ശക്തമായ മഴ ഉണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒരാഴ്ച കഴിഞ്ഞും രണ്ട് ദിവസം കൂടി ഈ നില തുടരാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിന് മുകളിലായി ഉണ്ടായിരുന്ന വൻ മഴമേഘ പാളിയും കേരളത്തെ വിട്ട് പോയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്ന എല്ലാ കാലാവസ്ഥാ മുന്നറിയിപ്പുകളും പിൻവലിച്ചിട്ടുണ്ട്.
ഇന്ന് കേരളത്തിലെ ഒരു ജില്ലയിലും റെഡ് അലർട്ട് ഇല്ല. ഇന്നലെ പ്രഖ്യാപിച്ച യെല്ലോ അലർട്ടുകളും പിൻവലിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത ഉണ്ടെങ്കിലും കേരളത്തിൽ വീശുന്ന പടിഞ്ഞാറൻ കാറ്റിന്റെ ശക്തി ക്ഷയിച്ചിട്ടുണ്ട്. മത്സ്യ തൊഴിലാളികൾക്ക് നൽകിയ മുന്നറിയിപ്പുകളും പിൻവലിച്ചിട്ടുണ്ട്. കടൽ പഴയത് പോലെ ശാന്തമായത് പരിഗണിച്ചുകൂടിയാണ് ഈ മുന്നറിയിപ്പ് പിൻവലിച്ചത്.
ഇന്നലെ കേരളത്തിൽ എവിടെയും തീവ്രമായി മഴ പെയ്തിട്ടില്ല. ആഗസ്റ്റ് ഏഴിന് ആരംഭിച്ച മഴ ഒരാഴ്ചയിൽ കൂടുതൽ കേരളത്തിൽ നീണ്ടുനിന്നു. മഴയെ തുടർന്ന് പ്രളയജലം എത്തിയത് കാരണവും, ഉരുൾ പൊട്ടൽ ഉണ്ടായത് കാരണവും കേരളമാകമാനം ദുരിതക്കയത്തിലായിരുന്നു. എന്നാൽ വടക്കൻ ജില്ലകളെയും മദ്ധ്യകേരളത്തെയുമാണ് മഴ ഏറ്റവും കൂടുതൽ ബാധിച്ചത്.