consumerfed-

തിരുവനന്തപുരം: കശുഅണ്ടി അഴിമതിക്കേസിൽ വിജിലൻസിന്റെ അന്വേഷണം നേരിടുന്ന ഡോ.കെ.എ രതീഷിനെ കൺസ്യൂമർഫെഡ് എം.ഡിയാക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. നിയമനത്തിനായി സഹകരണവകുപ്പ് സെക്രട്ടറി നടത്തിയ അഭിമുഖത്തിൽ പങ്കെടുത്ത രതീഷിനെ നിയമിക്കാൻ വിജിലൻസിന്റെ അനുമതി സർക്കാർ ഇപ്പോൾ ചോദിച്ചിരിക്കുകയാണ്. കശുഅണ്ടി വികസന കോർപ്പറേഷൻ എം.ഡി സ്ഥാനത്തായിരുന്നപ്പോൾ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു കെ.എ രതീഷിനെതിരായ ആരോപണം. തുടർന്ന് അന്നത്തെ യു.ഡി.എഫ് സർക്കാരായിരുന്നു കെ.എ. രതീഷിനെ പുറത്താക്കിയത്.

3000 കോടിയോളം രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമാണ് കൺസ്യൂമർഫെഡ്. ഇതിന്റെ മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന 15 പേരുടെ ചുരുക്കപ്പട്ടിക സർക്കാർ തയ്യാറാക്കിയിരുന്നു. സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി അദ്ധ്യക്ഷയായ കമ്മിറ്റി ബുധനാഴ്ച നടത്തിയ അഭിമുഖത്തിൽ രതീഷും പങ്കെടുത്തിരുന്നു. മറ്റുള്ള നാലുപേരിൽ എസ്.രത്നാകരൻ കൺസ്യൂമർഫെഡ് മുൻ എം.ഡിയും കെ.തുളസീധരൻ നായർ ജനറൽ മാനേജരും കെ. വേണുഗോപാൽ സപ്ലൈകോയുടെ മുൻ ജനറൽ മാനേജരുമാണ്. പരിചയസമ്പന്നരായ ഇവരെ ഒഴിവാക്കിയാണ് കെ.എ രതീഷിനെ തിരഞ്ഞെടുക്കാനൊരുങ്ങുന്നത്. അതേസമയം,വിജിലൻസിന്റ അനുമതി കൂടി ലഭിച്ചാൽ കെ.എ രതീഷിനെ കൺസ്യൂമർഫെഡ് എം.ഡി സ്ഥാനത്തേക്ക് നിയമിക്കും.

കശുഅണ്ടി വികസന കോർപ്പറേഷൻ എം.ഡിയായിരുന്ന സമയത്ത് നിരവധി വിജിലൻസ് കേസുകൾ കെ.എ. രതീഷിനെതിരെ ഉണ്ടായിരുന്നു. ഇടത് സർക്കാർ അധികാരത്തിലെത്തിയതോടെ ഇതിലെല്ലാം ക്ലീൻ ചിറ്റ് ലഭിച്ചു. എന്നാൽ സി.ബി.ഐ കേസിൽ ഇപ്പോഴും പ്രതിയായി തുടരുകയാണ്. വ്യവസായ വകുപ്പിന് കീഴിലെ വ്യവസായ സംരംഭക വികസന സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് രതീഷിപ്പോൾ. ജില്ലാ സഹകരണ ബാങ്കിന്റെ ജനറൽ മാനേജർക്ക് പോലും എം.ഡിയാകാൻ കഴിയുന്ന തരത്തിൽ നിയമന മാനദണ്ഡങ്ങളിലും കൺസ്യൂമർഫെഡ് കഴിഞ്ഞിടെ ഇളവ് വരുത്തിയിരുന്നു.