കാക്കിയുടെ ബലത്തിൽ നാട്ടുകാരോട് കൈത്തരിപ്പ് കാട്ടുന്ന പൊലീസിനെ അഴിക്കുള്ളിലാക്കാൻ വീണ്ടും സി.ബി.ഐ എത്തുകയാണ്. ഒരുതെളിവും ബാക്കിവയ്ക്കാതെ പൊലീസ് കുഴിച്ചുമൂടിയ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ 13വർഷത്തിനുശേഷം സത്യംകണ്ടെത്തി രണ്ട് പൊലീസുകാർക്ക് കൊലക്കയർ വാങ്ങിനൽകിയ സി.ബി.ഐ വീണ്ടുമെത്തുന്നത് നെടുങ്കണ്ടം രാജ്കുമാർ ഉരുട്ടിക്കൊലക്കേസിലെ സത്യമറിയാനാണ്. മോഷ്ടാവാണെന്ന് സംശയിച്ച ഉദയകുമാറിനെ ഫോർട്ട് സ്റ്റേഷനിലെ ബഞ്ചിലിട്ട് ഉരുട്ടിയാണ് കൊലപ്പെടുത്തിയതെങ്കിൽ റിമാന്റ് പ്രതിയായ രാജ്‌കുമാറിനെ ഉരുട്ടിയത് നെടുങ്കണ്ടം സ്റ്റേഷനിലെ വിശ്രമമുറിയിൽ.
ഉദയകുമാർ കേസിലേതുപോലെ നെടുങ്കണ്ടം കേസിലും സി.ബി.ഐയ്ക്ക് അന്വേഷണം എളുപ്പമാവില്ല. ക്രൂരമായി മർദ്ദിച്ചുകൊന്ന ശേഷം മരണകാരണം ന്യൂമോണിയയാണെന്ന് വരുത്തിതീർത്ത പൊലീസ്, തെളിവുകളെല്ലാം നശിപ്പിച്ചിരിക്കുകയാണ്. സ്റ്റേഷനിലെത്തിച്ചപ്പോൾ ആരോഗ്യവാനായിരുന്ന രാജ്കുമാറിനെ ക്രൂരമായ മൂന്നാംമുറയ്ക്ക് വിധേയമാക്കിയ ശേഷം തെളിവുനശിപ്പിക്കാൻ സി.സി.ടി.വി ഓഫാക്കിയിട്ടു. ശാസ്ത്രീയതെളിവുകൾ കിട്ടാതിരിക്കാൻ മൃതദേഹം മോർച്ചറിയിലേക്ക് മാറ്രുന്നത് വൈകിപ്പിച്ചു. രേഖകളിലെല്ലാം തിരിമറി നടത്തിയിട്ടുണ്ട്. ആദ്യത്തെ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പോലും അട്ടിമറികൾ. മൃതശരീരത്തിലെ എല്ലാ മുറിവുകളും പോസ്റ്റുമാർട്ടം റിപ്പോർട്ടിലുണ്ടായിരുന്നില്ല. നിലവിൽ സാക്ഷികളായ പൊലീസുകാർ കോടതിയിൽ കൂറുമാറാനിടയുള്ളതിനാൽ ശാസ്ത്രീയ, സാഹചര്യതെളിവുകൾ കൂട്ടിയിണക്കി വേണം സി.ബി.ഐയ്ക്ക് സത്യംതെളിയിക്കാൻ. ഇരുമ്പ് ദണ്ഡുകൊണ്ടാണ് 26കാരനായ ഉദയകുമാറിനെ ഉരുട്ടിക്കൊന്നതെങ്കിൽ ഉരുളൻ തടിയുപയോഗിച്ചാണ് രാജ്കുമാറിനെ ഉരുട്ടിയത്.
മോഷ്ടാവെന്ന് സംശയിച്ച് ആളുമാറി പിടികൂടിയ ഉദയകുമാറിനെ ആളുമാറിയല്ല പിടിച്ചതെന്ന് വരുത്തിതീർക്കാൻ ഉരുട്ടിക്കൊന്നശേഷം മോഷണക്കുറ്റം ചുമത്തി കള്ളക്കേസെടുത്തതും ഫോർട്ട് സ്റ്റേഷനിലെ ജനറൽഡയറി തിരുത്തിയതും പൊലീസുകാരെ ഭീഷണിപ്പെടുത്തി കൂട്ടത്തോടെ മൊഴിമാറ്റിച്ചതുമെല്ലാം മാപ്പുസാക്ഷികളുടെ മൊഴികളിലൂടെ സി.ബി.ഐ തെളിയിച്ചു. ദൈവം അവശേഷിപ്പിച്ചപോലെ ചിലതെളിവുകൾ കോടതിയിൽ ഉയിർത്തെഴുന്നേറ്റു. കൊല്ലപ്പെട്ടശേഷം ഉദയകുമാറിനെതിരേ വ്യാജകേസെടുത്ത ക്രൈംഎസ്.ഐ രവീന്ദ്രൻനായരെ സി.ബി.ഐ മാപ്പുസാക്ഷിയാക്കിയതോടെ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞു. അങ്ങനെ പൊലീസും ക്രൈംബ്രാഞ്ചും എഴുതിത്തള്ളിയ കേസിൽ രണ്ടുപൊലീസുകാർക്ക് വധശിക്ഷ കിട്ടി.
രാജ്കുമാറിന്റെ കസ്റ്റഡികൊലയിൽ ഇടുക്കി എസ്.പിയായിരുന്ന കെ.ബി.വേണുഗോപാലിന് പങ്കുണ്ടെന്ന് ആരോപണമുയർന്നിട്ടും അദ്ദേഹത്തെ ഒഴിവാക്കിയുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ഭാര്യ വിജയയും അമ്മ സുന്ദരിയും മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എസ്.ഐ സാബുവടക്കം നാലുപേർ അറസ്റ്റിലായിട്ടുണ്ട്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്
എസ്.പിയുടെയടക്കം അറിവോടെയാണെന്ന് എസ്.ഐ.സാബു ഹൈക്കോടതിയിൽ നൽകിയ ഹർജിയിലുണ്ട്. എന്നിട്ടും എസ്.പിയെയും ഡിവൈ.എസ്.പിയെയും ക്രൈംബ്രാഞ്ച് രക്ഷിച്ചു. പൊലീസ് ഉന്നതരും പോസ്റ്റുമാർട്ടം നടത്തിയ ഡോക്ടറും ജയിൽ ഉദ്യോഗസ്ഥരും റിമാന്റ് ചെയ്ത മജിസ്ട്രേറ്റുമടക്കം സി.ബി.ഐ അന്വേഷണത്തിന്റെ പരിധിയിൽവരും.
അന്വേഷണത്തിലെ അട്ടിമറികൾ കണ്ടെത്തിയ ഹൈക്കോടതി, പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്നാണ് നിരീക്ഷിച്ചത്. രാജ്കുമാറിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയില്ല. പരിക്കുകളെക്കുറിച്ച് ജയിൽ അധികൃതരുടെ റിപ്പോർട്ട് ചെയ്തില്ല. അന്വേഷണത്തിൽ മന:പൂർവ്വം വിട്ടുകളയുന്ന ചില കണ്ണികളുണ്ട്. എത്ര സാക്ഷികളെ കൊണ്ടുവന്നാലും സാഹചര്യതെളിവുകൾ മാറ്റാനാവില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി.
സി.ബി.ഐ തുടങ്ങുക റീ-പോസ്റ്റുമാർട്ടത്തിൽ
രാജ്കുമാറിന്റെ മരണകാരണം ന്യൂമോണിയയല്ല, ക്രൂരമർദ്ദനമാണെന്ന റീ-പോസ്റ്റുമാർട്ടം റിപ്പോർട്ടാവും സി.ബി.ഐയ്ക്ക് തുണയാവുക. ആദ്യംകണ്ടെത്തിയ 32മുറിവുകൾക്ക് പുറമെ 22പുതിയ പരിക്കുകൾ റീ-പോസ്റ്റുമാർട്ടത്തിൽ കണ്ടെത്തി. ശരീരത്തിന്റെ പിൻഭാഗത്തും തുടകളിലുമുണ്ടായ ചതവുകളാണു മരണകാരണം. മർദ്ദനത്തിൽ വൃക്കയടക്കം അവയവങ്ങൾ തകരാറിലായി. തുടകളിൽ 4.5സെ.മീ കനത്തിൽ ചതവുണ്ടായി. നടുവിന് 20സെന്റിമീറ്ററിലേറെ നീളമുള്ള ചതവേറ്റു.
സി.ബി.ഐയും പൊലീസും
1981മാർച്ച്12ന് പാനൂർ സ്റ്റേഷനിലെ ഇൻസ്പെക്ടർ സോമൻ സർവീസ് റിവോൾവറിൽ നിന്നുള്ള വെടിയേറ്റു മരിച്ച കേസ് അന്വേഷിച്ച സി.ബി.ഐ, പൊലീസുകാരുടെ കൈക്കൂലിയെ എതിർത്തതിനെത്തുടർന്നുള്ള വൈരാഗ്യത്തിൽ ഇൻസ്പെക്ടറെ വെടിവച്ചതായാണ് കണ്ടെത്തിയത്. ഹെഡ്കോൺസ്റ്റബിളിനും മൂന്ന് പൊലീസുകാർക്കും സെഷൻസ് കോടതി ജീവപര്യന്തം വിധിച്ചിരുന്നു.