supreme-court

ന്യൂഡൽഹി: ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതി രാം കോവിന്ദിന്റെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച നാല് ഹർജിയിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചത്. ഹർജിയിലെ പിഴവ് രജിസ്ട്രി ചൂണ്ടിക്കാണിച്ചിട്ടും പിഴവ് തിരുത്തിയില്ലെന്നും ഇത് എന്തുതരം ഹർജിയാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ചോദിച്ചു.

അര മണിക്കൂറോളം പരിശോധിച്ചിട്ടും ഇത് എന്തുതരം ഹർജിയാണെന്ന് മനസിലാവുന്നില്ലെന്നും തത്കാലം പിഴ ഈടാക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അഭിഭാഷകനായ എം.എൽ ശർമ്മ സമർപ്പിച്ച ഹർജികളിലാണ് വ്യാപകമായ പിഴവുകൾ കണ്ടെത്തിയത്. ഇതിനിടെ കാശ്മീരിലെ വാർത്താവിനിമയ സംവിധാനങ്ങൾ പുന:സ്ഥാപിക്കണമെന്നും മാദ്ധ്യമങ്ങൾക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കശ്‌മീർ ടൈംസ് എക്സിക്യൂട്ടിവ് എഡിറ്റർ അനുരാധ ബാസിൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിച്ചു.

നിലവിലെ കാശ്മീരിലെ വിഷയങ്ങളിൽ തത്കാലം കോടതി ഇടപെടരുതെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ആവശ്യപ്പെട്ടു. തുടർന്ന് വാർത്താവിനിമ സംവിധാനങ്ങൾ പുന:സ്ഥാപിക്കാൻ സർക്കാരിന് സമയം നൽകണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. വെള്ളിയാഴ്ച വൈകീട്ടോടെ ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ് സൗകര്യങ്ങൾ പുനസ്ഥാപിക്കുമെന്നാണ് ലഭിച്ച വിവരമെന്നും സുപ്രീംകോടതി പറഞ്ഞു. ഈ ഹ‌ർജി വാദം കേൾക്കാൻ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.