കോഴിക്കോട്: ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ നിർത്തിയെന്ന വാർത്ത വ്യാജമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ഇവരെ കണ്ടെത്താനായി ഹൈദരാബാദിൽ നിന്ന് ജി.പി.ആർ(ഗ്രൗണ്ട് പ്രെറ്റയിനിംഗ് റഡാർ) എന്ന ഉപകരണം എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
വ്യോമസേനയുമായി ഇക്കാര്യം ചർച്ചചെയ്തെന്നും, ഇന്നോ നാളെയോ ഈ ഉപകരണം എത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. ഇത് വ്യോമമാർഗം മാത്രമേ എത്തിക്കാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം ജില്ലയിലെ കവളപ്പാറയിരിക്കും ആദ്യം ജി.പി.ആർ എത്തിക്കുക. പിന്നീട് വയനാട്ടിലെ പുത്തുമലയിലേക്ക് കൊണ്ടുപോകും.
സർക്കാർ ഉറ്റവരെ നഷ്ടപ്പെട്ടവർക്കൊപ്പമാണെന്നും എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുന്നതുവരെ തെരച്ചിൽ തുടരുമെന്നും മന്ത്രി പറഞ്ഞു. തെരച്ചിൽ നിർത്തിയെന്ന വ്യാജപ്രചാരണം നടത്തുന്നത് ഉറ്റവരെ നഷ്ടപ്പെട്ടവരോട് ചെയ്യുന്ന ക്രൂരതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.