കാഞ്ചീപുരം: കാഞ്ചീപുരം പട്ടണമാകെ വൻ ജനസാഗരമാണ് ആർത്തലയ്ക്കുന്നത്. ഇന്നു കൂടി മാത്രമെ പൊതുജനങ്ങൾ അത്തി വരദ പെരുമാളെ ദർശിക്കാൻ കഴിയൂ. ലക്ഷക്കണക്കിനാളുകളാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും അത്തിവരദ ദർശനത്തിനായി കാത്തു നിൽക്കുന്നത്. നാളെ എല്ലാപേർക്കും പ്രവേശനമില്ല. 17ന് രാത്രിയോടെ അത്തിവരദർ അനന്തസരസ് പുഷ്‌കരണി തീർത്ഥത്തിലേക്ക് മറയും. പിന്നെ ഉയിർപ്പ് 2059ൽ മാത്രം. 40 വർഷത്തിലൊരിക്കൽ 48 നാളുകൾ മാത്രമാണ് അത്തി വരദരെ ദർശിക്കാനാകുക.
ആദ്യ നാളുകളിൽ പ്രതിദിനം ഒരു ലക്ഷം പേരാണ് എത്തിക്കൊണ്ടിരുന്നതെങ്കിൽ അവസാന നാളുകളിൽ എഴു ലക്ഷം പേരാണ് എത്തുന്നത്. ജനബാഹുല്യം കണക്കിലെടുത്ത് പുലർച്ചെ രണ്ടു മുതൽ ദർശനത്തിനായി ക്ഷേത്രത്തിലെ വസന്ത മണ്ഡപം തുറന്നിരുന്നു. അതിൽ ആദ്യ 24നാളുകളിൽ പെരുമാളിന്റെ കിടക്കുന്ന രൂപമായിരുന്നു ഭക്തർ വണങ്ങിയിരുന്നത്. ഇപ്പോൾ നിൽക്കുന്ന പെരുമാളിനെയാണ് ദർശിക്കാൻ കഴിയുക. ഇതുവരെ രണ്ടു കോടിയോളംപേർ ദർശനം നടത്തിയെന്നാണ് അനുമാനം.
ഓരോ ദിവസവും ഓരോ നിറത്തിലുള്ള വസ്ത്രത്തിലും വേഷവിധാനത്തിലുമാണ് ദർശനം. ഇന്നലെ പുഷ്പങ്ങളിൽ തീർത്ത വസ്ത്രങ്ങളിലായിരുന്നു അത്തിവരദർ. സ്വർണകിരീടത്തിനു പകരം മുല്ലപ്പൂക്കൾ കൊണ്ടുണ്ടാക്കിയ തലപ്പാവായിരുന്ന ധരിച്ചിരുന്നത്.
കഴിഞ്ഞ മാസം 12ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് 12ന് ദർശനം നടത്തിയിരുന്നു. രണ്ടു ദിവസം മുമ്പ് ദർശനം നടത്തിയവരുടെ കൂട്ടത്തിൽ സൂപ്പർതാരം രജനികാന്തും ഉണ്ടായിരുന്നു. ഇന്നലെ ആദി ഗരുണസേവ എന്ന പൂജയുളളതിനാൽ വൈകിട്ട് അഞ്ചിന് ശേഷം ദർശനം അനുവദിച്ചിരുന്നില്ല. ഇന്ന് വി.ഐ.പികൾക്ക് മാത്രമായി പ്രത്യേക ക്യൂ ഇല്ല.
നാളെ രാത്രി ക്ഷേത്രക്കുളത്തിലെ മണ്ഡപത്തിനു കീഴിലെ ചതുപ്പിലാണ് 12 അടി നീളമുള്ള വെള്ളിപേടകത്തിനുള്ളിലാക്കി 9 അടി നീളമുള്ള അത്തിവരദർ വിഗ്രഹം താഴ്ത്തുന്നത്. തീർത്ഥക്കുളം വറ്റിച്ച ശേഷമാണ് വിഗ്രഹമെടുത്തത്. ജീവജാലങ്ങൾ ഉൾപ്പെടെ ജലം മുഴുവൻ സമീപത്തെ കുളത്തിലേക്ക് മാറ്റിയിരുന്നു. വിഗ്രഹം തിരികെ വയ്ക്കുമ്പോൾ കുളം പഴയപടിയാക്കും. കഴിഞ്ഞ മാസം മലയാള മാദ്ധ്യമങ്ങളിൽ കേരളകൗമുദിയാണ് അപൂർവ ഉത്സവത്തെ കുറിച്ച് ആദ്യം വാർത്ത പ്രസിദ്ധീകരിച്ചത്. അതിനു ശേഷം സംസ്ഥാനത്തു നിന്നും തമിഴ്നാടിന്റെ പട്ട് തലസ്ഥാനത്തിലേക്ക് ഭക്തരുടെ തിരക്കേറുകയായിരുന്നു.
# ആ കുഞ്ഞിന് ഇപ്പോൾ താരപരിവേഷം
ഗർഭിണിയായ ഭാര്യ വിമലയുടെ വലിയൊരു ആഗ്രഹം സാധിക്കാനാണ് തമിഴ്നാട് എസ്.ആർ.ടി.സി കണ്ടക്ടറായ ഇ അശോക്കുമാർ വെല്ലൂർ ബാനവരത്തു നിന്നും അത്തിവരദരെ കാണാനെത്തിയത്. ഗർഭിണിയായതിനാൽ ഭക്തർ ക്യൂവിൽ നിൽക്കാതെ ദർശനത്തിനായി മാറി നിന്നു. ദർശനം കഴിഞ്ഞ് ക്ഷേത്രത്തിനു പുറത്തിറങ്ങിയ ഉടനെ വിമലയ്ക്ക് പ്രസവ വേദന തുടങ്ങി. സമീപത്തെ പാണ്ടിനാർകാൽ മണ്ഡപത്തിൽ വിമലയെ എത്തിച്ചു. അവിടെയായിരുന്നു സുഖപ്രസവം. മൂന്നു കിലോഭാരമുള്ള ആൺ കുട്ടിക്ക് അവർ പേരിട്ടു. അത്തിവരദർ! ഇപ്പോൾ കുഞ്ഞിന് താരപരിവേഷമാണ്. അത് ദൈവിക പരിവേഷത്തിലേക്കു മാറാനും സാദ്ധ്യതയുണ്ട്.