modi-nirmala

ന്യൂഡൽഹി: രാജ്യത്ത് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കാൻ കഴിയാത്തതിലും, റിയൽ എസ്‌റ്റേറ്റ് മേഖല നേരിടുന്ന തളർച്ചയിലും ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക രംഗത്തെ മുരടിപ്പ് ചർച്ച ചെയ്യാൻ ധനമന്ത്രി നിർമല സീതാരാമനും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗത്തിലാണ് മോദി സ്വരം കടുപ്പിച്ചത്.

വ്യാഴാഴ്‌ച വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു യോഗം. വാഹന വിപണിയിലെ തകർച്ച, തൊഴിൽ അവസരങ്ങൾ വേണ്ടത്ര സൃഷ്ടിക്കാൻ കഴിയാത്തത്, റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രതിസന്ധികൾ എന്നിവ യോഗത്തിൽ ചർച്ചയായി. ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് നൽകാൻ ധനമന്ത്രിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായാണ് സൂചന.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ആശങ്കപരമായ നിലയിലാണ് കടന്നു പോകുന്നതെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗമായ രഥിൻ റോയി അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ സാമ്പദ് വ്യവസ്ഥ ഘടനാപരമായ തളർച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ജനസംഖ്യയിലെ പത്ത് കോടിയോളം വരുന്ന ആളുകളുടെ ഉപഭോഗത്തെ ആശ്രയിച്ചാണ് നിലവിൽ ഇന്ത്യൻ സമ്പദ്ഘടന വളർന്നുകൊണ്ടിരിക്കുന്നത്. ഇത് ഇപ്പോൾ പരമാവധിയിലെത്തി നിൽക്കുകയാണെന്ന പ്രതികരണമാണ് രഥിൻ റോയി നടത്തിയത്.