ആലപ്പുഴ: മഴക്കെടുതിയിലെ ധനസഹായം ലക്ഷ്യം വച്ച് ദുരിതാശ്വാസ ക്യാമ്പിൽ കയറി കൂടുന്നവർക്ക് മുന്നറിയിപ്പുമായി മന്ത്രി ജി.സുധാകരൻ. ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിൽ ദുരിതാശ്വാസത്തിനു അർഹരല്ലാത്തവർ ഉണ്ടെന്നും ജി.സുധാകരൻ പറഞ്ഞു. ഇങ്ങനെയുള്ളവരെ കണ്ടെത്തി ഒഴിവാക്കുമെന്നും ചിലർക്ക് പണത്തിനോട് അടങ്ങാത്ത ആർത്തിയാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ ജി. സുധാകരൻ ആലപ്പുഴയിൽ ക്യാമ്പ് ചെയ്താണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ദിവസവും അദ്ദേഹം ഇവിടുത്തെ ക്യാമ്പുകൾ സന്ദർശിക്കുന്നുണ്ട്.
'നമ്മൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒരു നിലവാരം നല്ലൊരു ശതമാനം ആൾക്കാർക്കുമില്ല. അർഹത ഉള്ളവർക്ക് അത് അംഗീകരിച്ച് കൊടുക്കാൻ എല്ലാവരും തയാറാക്കുകയും, അർഹത ഇല്ലാത്തവർ സഹായത്തിന് കൈനീട്ടാതെ ഇരിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം നമ്മുക്ക് ഉണ്ടായിരുന്നു. അത് നഷപെട്ടുപോയി. കുറച്ച് കാലങ്ങളായി. അതാണ് ഇപ്പോൾ കാണുന്നത്. പൈസ എന്ന് പറഞ്ഞാൽ അങ്ങ് ആർത്തിയാണ്. ഭയങ്കര ആർത്തിയാണ്. കഴിഞ്ഞ പ്രളയത്തിൽ മുതുകുളം എന്ന് പറയുന്ന സ്ഥലത്ത് വെള്ളമൊന്നും കയറിയില്ല. പക്ഷെ അവർ പ്രളയസഹായം കൈപറ്റി.'