ഗോൾ: ന്യൂസിലൻഡും ശ്രീലങ്കയും തമ്മിൽ ഗോളിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനിടെ നടന്ന രസകരമായ സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ന്യൂസിലൻഡ് താരം ട്രെന്റ് ബോൾട്ട് ബാറ്റ് ചെയ്യവെ പന്ത് ഹെൽമെറ്രിൽ കുടുങ്ങിയതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 82ഓവറിലാണ് സംഭവം. ശ്രീലങ്കൻ സ്പിന്നർ ലസിത് എംബുൽദേനിയ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് സ്വീപ് ചെയ്യാനുള്ള ബോൾട്ടിന്റെ ശ്രമത്തിനിടെയാണ് ഹെൽമറ്റിന്റെ ഉള്ളിൽ കയറി ഒളിച്ചത്.
ക്രീസിലും പരിസരത്തും പന്തു കാണാതെ അന്ധാളിച്ച് ബോൾട്ട് നിൽക്കുമ്പോൾ ശ്രീലങ്കൻ താരങ്ങൾക്ക് ചിരി പൊട്ടിയ അവസ്ഥയായിരുന്നു. ക്രീസിൽ പന്ത് കാണാത്തതിനെ തുടർന്ന് ചുറ്റിലും പരതുന്ന ബോൾട്ടിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്.
വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്ക്‌വല്ലയുടെ നേതൃത്വത്തിൽ ബോൾട്ടിനു ചുറ്റും ഓടിക്കൂടിയ ശ്രീലങ്കൻ താരങ്ങൾ പന്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ബോൾട്ടിന് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കിയാണ് മൽസരം പുനഃരാരംഭിച്ചത്. എന്തായാലും ബോൾട്ടിന്റെ ഹെൽമറ്റിൽ പന്തു കുരുങ്ങിയതിന്റെ ചിത്രം ഐസിസിയും ട്വീറ്റ് ചെയ്തു. ‘കോട്ട് ആൻഡ് ബോൾട്ട്’ എന്ന കുറിപ്പോടെയാണ് ഐ.സി.സി ചിത്രം ട്വീറ്റ് ചെയ്തത്.
— Out of Context Cricket (@ooccricket) August 15, 2019