sakir-nayik

കുലാലംപൂർ: വർഗീയ പരാമർശം നടത്തിയതിന്റെ പേരിൽ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി മലേഷ്യൻ ഭരണകൂടം. മലേഷ്യയിലെ ഹിന്ദുക്കൾക്ക് ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തേക്കാൾ 100 മടങ്ങ് കൂടുതൽ അവകാശങ്ങളുണ്ടെന്ന സാക്കിർ നായിക്കിന്റെ പരാമർശമാണ് നടപടിയിലേക്ക് വഴിവച്ചിരിക്കുന്നത്. സാക്കിർ നായിക്കിനെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരവധി മന്ത്രിമാർ രംഗത്തെത്തിയതിന് പിന്നാലെയാണിത്.

നേരത്തെ നായിക്കിനെതിരെ രൂക്ഷവിമർശനവുമായി മലേഷ്യൻ മാനവവിഭവശേഷി വികസനവകുപ്പ് മന്ത്രി കുലസേഖരനൻ രംഗത്തെത്തിയിരുന്നു. സാക്കിർ നായിക് മലേഷ്യൻ ഹിന്ദുക്കളെ അപകീർത്തിപ്പെടുത്തും വിധം സംസാരിക്കുകയും മതവിദ്വേഷം വളർത്താൻ ശ്രമിക്കുകയും ചെയ്‌തതായി അദ്ദേഹം ആരോപിച്ചു. മലേഷ്യയിലെ ഹിന്ദുക്കൾക്ക് ഡോ. മഹാതീർ മുഹമ്മദിനോടല്ല മറിച്ച് നരേന്ദ്ര മോദിയോടാണ് വിധേയത്വമെന്ന് നായിക്ക് പ്രസംഗിച്ചത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിഷയം വിവാദമായത്.

വംശീയാധിഷ്‌ഠിതമായ പ്രസ്‌താവനകൾ നടത്തിയതിനും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിനും സാക്കിർ നായിക്കിനെയും മറ്റ് നിരവധി വ്യക്തികളെയും ഗ്രൂപ്പുകളെയും ചോദ്യം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി മുഹിയിദ്ദീൻ യാസിൻ പറഞ്ഞു. രാജ്യത്തെ സമാധാനപരമായ അന്തരീക്ഷത്തെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.