കൊച്ചി: സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന് പാസ്‌പോർട്ട് നൽകുന്നത് പൊലീസ് നിഷേധിച്ചു. എറണാകുളത്ത് ഐ.ജി ഓഫീസിന് മുൻപിലായി നടന്ന സി.പി.ഐ മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയിരുന്നു. ഇതിനെത്തുടർന്നാണ് ഇപ്പോൾ പാസ്പോർട്ട് ക്ലിയറൻസ് പൊലീസ് നിഷേധിച്ചിരിക്കുന്നത്.
സിറിയയിലെ ഡമാസ്കസിൽ നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ജില്ലാ സെക്രട്ടറി പാസ്പോർട്ടിനായി അപേക്ഷിച്ചത്. ഇപ്പോൾ കൈയിലുള്ള പാസ്പ്പോർട്ടിന്റെ കാലാവധി അവസാനിച്ചത് കാരണം അത് പുതുക്കുന്നതിന് വേണ്ടിയാണ് പി.രാജു അപേക്ഷ സമർപ്പിച്ചത്. അപ്പോഴാണ് പൊലീസ് ക്ലിയറൻസ് നിഷേധിക്കുന്നത്.
ഏതാനും നാളുകൾക്ക് മുൻപ് കൊച്ചി റേഞ്ച് ഐ.ജിയുടെ ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാർച്ച് സംഘർഷത്തിലേക്ക് എത്തിയിരുന്നു. സംഘർഷത്തിലും ഏറ്റുമുട്ടലിലും പൊലീസ് ഉദ്യോഗസ്ഥർക്കുൾപ്പെടെ പരിക്കേറ്റിരുന്നു. ഇതിനെ തുടർന്ന് സി.പി.ഐ എം.എൽ.എ എൽദോ എബ്രഹാം, പി.രാജു. തുടങ്ങിയ നിരവധി പാർട്ടി നേതാക്കൾക്കെതിരെ പൊലീസ് കേസ് ചുമത്തിയിരുന്നു.
ഈ സംഘർഷത്തെ തുടർന്നുള്ള പ്രശ്നങ്ങൾ കാരണമാണ് പൊലീസ് രാജുവിന് പാസ്പോർട്ട് ക്ലിയറൻസ് നിഷേധിച്ചത്. അടുത്ത മാസം എട്ടാം തീയതിയാണ് ഡമാസ്കസിൽ വച്ച് സമ്മേളനം നടക്കുന്നത്. യാത്രയ്ക്കായി ടിക്കറ്റും മറ്റും താൻ വാങ്ങിയെന്നും യാത്ര മുടക്കാൻ ആകില്ലെന്നും അടിയന്തരമായി ഇടപെടണമെന്നും കാണിച്ച് പി.രാജു ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.