എത്ര കിട്ടിയാലും മതി വരാത്തതായി ഒന്നേയുള്ളൂ, സൗന്ദര്യം. മുഖമാണ് സൗന്ദര്യത്തിന്റെ അടിസ്ഥാനമായി കരുതുന്നത്. എന്നാൽ ഇതേ പോലെ തന്നെ പ്രാധാന്യമുണ്ട് കൈകൾക്കും കാലുകൾക്കും. ഇത്തിരി സമയം മാറ്റിവച്ചാൽ തിളക്കമുള്ളതാക്കി മാറ്റാൻ സാധിക്കും.
കൈകൾ തിളങ്ങാൻ
കുളികഴിഞ്ഞും രാത്രി കിടക്കുന്നതിനു മുമ്പും ഹാൻഡ് ക്രീം പുരട്ടി മസാജ് ചെയ്യുക. റോസ് വാട്ടറും ഗ്ലിസറിനും ചേർത്ത് പുരട്ടുന്നതും ഓറഞ്ച് നീരും തേനും ചേർത്ത് പുരട്ടുന്നതും നിറം വർദ്ധിക്കാൻ സഹായിക്കും. നാരങ്ങയുടെ തോട് കൈകളിൽ ഉരസുന്നത് നിറവ്യത്യാസം അകറ്റാൻ സഹായിക്കും. വരണ്ട ചർമമുളളവർക്ക് വേഗത്തിൽ കൈകളിൽ കറുത്ത പാടുകളും ചുളിവുകളും വീഴും. അങ്ങനെയുള്ളവർ ചെറു ചൂടുവെളളത്തിൽ ഉപ്പിട്ട് കുറച്ചു നേരം കൈകൾ മുക്കി വെക്കുക. കഴുകിത്തുടച്ച് പപ്പായ നീരോ തക്കാളി നീരോ പുരട്ടി മസാജ് ചെയ്യുക. പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. നഖങ്ങളുടെ ആരോഗ്യത്തിന് ബയോട്ടിൻ അടങ്ങിയ പപ്പായ, കാരറ്റ്, വാഴപ്പഴം തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്. ആവശ്യമെങ്കിൽ ബയോട്ടിൻ സപ്ലിമെന്റുകളും കഴിക്കാം.
ഇടയ്ക്കിടെ ഹാൻഡ് വാഷും സോപ്പും ഉപയോഗിക്കുന്നവരുടെ കൈകളെ എളുപ്പത്തിൽ പ്രായം പിടികൂടും. അതുകൊണ്ട് തന്നെ കൈകൾ വൃത്തിയാക്കാൻ വീര്യം കുറഞ്ഞ സോപ്പോ ക്ലെൻസറോ ഉപയോഗിക്കാം. ഓരോ തവണ കൈ കഴുകിയതിന് ശേഷവും ക്രീം പുരട്ടുന്നതും നല്ലതാണ്. അടുക്കള ജോലികൾ കൂടുതലായി ചെയ്യുന്ന വീട്ടമ്മമാർ കൈകളിലെ എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം കൂടുതലടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.
ഭംഗി വീണ്ടെടുക്കാൻ
നാലു സ്പൂൺ പൈനാപ്പിൾ ജ്യൂസും മൂന്നു സ്പൂൺ ബദാം എണ്ണ ചേർത്ത് മിശ്രിതം തയ്യാറാക്കുക. തുടർന്ന് കൈകൾ പതിനഞ്ചുമിനുറ്റോളം മുക്കി വയ്ക്കുക. കൈകളുടെ നഷ്ടപ്പെട്ട ഭംഗി വീണ്ടെടുക്കാം. ഒരു പാത്രത്തിൽ കഞ്ഞിവെള്ളമെടുത്ത് വിരലുകൾ പതിനഞ്ചുമിനിറ്റ് കുതിർത്ത് വെക്കുന്നത് നഖങ്ങൾ പൊട്ടുന്നത് തടയാനുളള എളുപ്പവഴിയാണ്. കൈകളുടെ ആരോഗ്യവും ഭംഗിയും വർദ്ധിപ്പിക്കാൻ ഇടക്ക് കൈകൾക്ക് വ്യായാമം നൽകണം. കൈത്തലം ചുരുട്ടിപ്പിടിക്കുക. അൽപ്പനേരം കഴിഞ്ഞ് വിരലുകൾ പരമാവധി അകലത്തിൽ വരുന്ന വിധത്തിൽ കൈ നിവർത്തുക.
മാനിക്യൂറും പരീക്ഷിച്ചോളൂ
മൈൽഡ് ഷാംപൂ കലർത്തിയ വെളളത്തിൽ അഞ്ചു മിനിറ്റ് കൈ മുക്കി വയ്ക്കണം. നന്നായി തുടച്ച് ഉണക്കണം. ഇഷ്ടമനുസരിച്ച് നഖം വെട്ടി ആകൃതി വരുത്തണം. നഖത്തിന്റെ അരികുകൾ എമറി ബോർഡിൽ ഉരച്ച് ഭംഗിയാക്കാം. ഓറഞ്ച് സ്റ്റിക് കൊണ്ട് നഖത്തിന്റെ ചുറ്റുമുളള മൃദു ചർമം ഷെയ്പ് ചെയ്യുക. ക്യൂട്ടിക്കിൾ എന്ന ഈ ഭാഗത്തിന് മുറിവേൽക്കാതെ ഷെയ്പ് ചെയ്യാൻ ശ്രദ്ധിക്കണം. നഖത്തിന് സമീപം അഭംഗി തോന്നിക്കുന്ന ചെറിയ ചർമഭാഗങ്ങൾ ക്ലിപ്പർ കൊണ്ട് ശ്രദ്ധയോടെ മുറിച്ചു മാറ്റുക. കോട്ടൺ വൂൾ കൊണ്ട് നഖത്തിന് ചുറ്റും തുടച്ച് വൃത്തിയാക്കിയതിന് ശേഷം ക്യൂട്ടിക്കിൾ ക്രീം പുരട്ടി മയപ്പെടുത്തണം. ഇതിന് ശേഷം നല്ല ഹാൻഡ് ക്രീം മുകളിൽ നിന്ന് വിരൽത്തുമ്പുകളിലേക്ക് മസാജ് ചെയ്യാം. വളരെ വരണ്ട ചർമമാണെങ്കിൽ ഏതെങ്കിലും പ്രകൃതിദത്തമായ എണ്ണ ഉപയോഗിച്ച് കൈകൾ നന്നായി മസാജ് ചെയ്യുക. ബദാം എണ്ണയും ഒലീവെണ്ണയും ഉത്തമം.