mufti-daughter-

ശ്രീനഗർ: ''രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ കാശ്മീരികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച് അവരുടെ അടിസ്ഥാന അവകാശങ്ങൾ പോലും തട്ടിയെടുക്കുകയാണ്. സന്ദർശകരെ കാണാൻ പോലും അനുവദിക്കാതെ, വീടിന് പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ ഞാൻ തടവിലാക്കപ്പെട്ടിരിക്കുകയാണ്"- കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ ജാവേദ്, ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് എഴുതിയ കത്തിലെ വരികളാണിത്.

മാദ്ധ്യമങ്ങളോട് സംസാരിച്ചതിനാണ് തന്നെ തടവിൽ വച്ചതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞതെന്നും ഇനിയും മാദ്ധ്യമങ്ങൾക്ക് മുമ്പിലെത്തിയാൽ ശക്തമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇൽത്തിജ കത്തിൽ പറയുന്നു. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തതിന് പിന്നാലെ, കാശ്മീരിൽ തുടരുന്ന നിയന്ത്രണങ്ങൾ 13-ാം ദിനത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ഇൽത്തിജയുടെ കത്ത് വൈറലാകുന്നത്. മെഹബൂൂ മുഫ്തിയും വീട്ടുതടങ്കലിലാണ്.

നിലവിലെ സ്ഥിതിഗതികൾ വിവരിച്ച് ഇൽത്തിജയുടെ ശബ്ദസന്ദേശവും നേരത്തെ പുറത്തുവിട്ടിരുന്നു. സർക്കാർ തീരുമാനത്തെ പ്രതിരോധിക്കുന്നവരെ നേരിടാൻ കാശ്മീരുമായി ആശയവിനിമയം നടത്താനുള്ള എല്ലാ മാർഗങ്ങളും നിറുത്തലാക്കിയിരിക്കുകയാണ്. കുറ്റവാളിയെപ്പോലെ തടവിലാക്കപ്പെട്ട താൻ കർശന നിരീക്ഷണത്തിലാണ്. എല്ലാ കാശ്മീരികളെയും പോലെ മരണഭയത്തിലാണ് താനും. ശബ്ദസന്ദേശത്തിൽ ഇൽത്തിജ പറഞ്ഞു.