പൊഖ്‌റാൻ:ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന ഇന്ത്യയുടെ പരമ്പരാഗത നയത്തിൽ ഭാവിയിൽ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റമുണ്ടാകാമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു.
ഇന്ത്യ രണ്ട് തവണ ആണവായുധം പരീക്ഷിച്ച രാജസ്ഥാനിലെ പൊഖ്‌റാനിൽ വാജ്പേയി അനുസമരണ ചടങ്ങിലാണ് രാജ്നാഥിന്റെ പ്രഖ്യാപനമുണ്ടായത്.
കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുപിന്നാലെ പാകിസ്ഥാനിൽ നിന്ന് പ്രകോപനങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ രാജ്നാഥ് സിംഗിന്റെ പ്രസ്താവന പാകിസ്ഥാനുള്ള മുന്നറിയിപ്പാണെന്ന് കരുതുന്നു. ഇന്ത്യയുടെ ആണവായുധ നയം മാറാമെന്ന് ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി പ്രഖ്യാപിക്കുന്നത്.
ആണവായുധം ആദ്യം പ്രയോഗിക്കില്ല എന്നതാണ് പതിറ്റാണ്ടുകളായി ഇന്ത്യയുടെ നയം. ഗവൺമെന്റ് അതിൽ ഉറച്ചു നിൽക്കുന്നു. എന്നാൽ ഭാവിയിൽ എന്ത് സംഭവിക്കും എന്നത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും - രാജ്നാഥ് സിംഗ് പറഞ്ഞു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്ത് ഇന്ത്യ ആണവശക്തിയാണെന്ന് പ്രഖ്യാപിച്ച സ്ഥലമാണ് പൊഖ്‌റാൻ. ഇന്ത്യ ആണവശക്തിയുള്ള രാജ്യമാണ്.
1974ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴും 1998ൽ വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴുമാണ് പൊഖ്റാനിൽ ഇന്ത്യ ആണവപരീക്ഷണങ്ങൾ നടത്തിയത്.
ഇന്ത്യയുടെ ആണവനയം പരിഷ്‌കരിക്കുമെന്ന് 2014ലെ തിരഞ്ഞെടുപ്പിൽ ബി. ജെ. പിയുടെ പ്രകടന പത്രിക പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്ന് മോദി അതിനെ തള്ളിപ്പറഞ്ഞിരുന്നു. ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നയത്തിൽ ഒരു വിട്ടു വീഴ്‌ചയും ഇല്ലെന്നായിരുന്നു മോദി ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്.
2016ൽ പ്രതിരോധ മന്ത്രിയായിരുന്ന അന്തരിച്ച മനോഹർ പരീക്കർ, ഇന്ത്യയുടെ ആണവനയത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മുൻ കമാൻഡർ ഇൻ ചീഫ് ലഫ്.ജനറൽ ബി.എസ്. നാഗ്പാലും ദുരന്ത ഫോർമുല എന്ന് ഇന്ത്യയുടെ ആണവനയത്തെ വിമർശിച്ചിരുന്നു.