തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീർ കാറിടിച്ച് മരിക്കാനിടയായ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചതിന് കൂടുതൽ വെളിപ്പെടുത്തലുമായി സാക്ഷികൾ. അപകടത്തിന് പിന്നാലെ ശ്രീറാം തിരിച്ചറിയൽ കാർഡ് കാണിച്ചതോടെ പൊലീസ് ഭയഭക്തി ബഹുമാനത്തോടെയാണ് പെരുമാറിയതെന്ന് ഓൺലൈൻ ഭക്ഷണവിതരണക്കാരനായ ബെൻസൺ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബെൻസണിന്റെ കൺമുന്നിൽ വച്ചാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ കെ.ബഷീറിനെ ഇടിച്ചുവീഴ്ത്തിയത്. അമിത വേഗത്തിലായിരുന്നു കാർ. അപകടത്തിന് ശേഷം ശ്രീറാം സംസാരിക്കുമ്പോൾ നാക്കു കുഴയുന്നുണ്ടായിരുന്നു. മദ്യപിച്ച ഒരാൾ പെരുമാറുന്ന രീതിയിലാണ് ശ്രീറാം പെരുമാറിയതെന്ന് ബെൻസൺ പറഞ്ഞു. അപകട സ്ഥലത്തെത്തിയ പൊലീസ് ആദ്യം ശ്രീറാമിനോട് ദേഷ്യപ്പെട്ടു. പക്ഷെ തിരിച്ചറിയൽ കാർഡ് കാണിച്ചതോടെ സാഹചര്യം മാറിയെന്നും ബെൻസൺ പറയുന്നു. ഇതേ തുടർന്നാണ് ശ്രീറാം ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങുന്നത് കണ്ടിട്ടും ആരാണ് വാഹനമോടിച്ചതെന്ന് അറിയില്ലെന്ന് പൊലീസ് നിലപാടെടുത്തത്.
അതേസമയം, വാഹനമോടിക്കുമ്പോൾ മദ്യപിച്ചതിന് തെളിവില്ലാത്തതിനെ തുടർന്നാണ് ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം തടയുന്നതിനായി ഹൈക്കോടിയെ സർക്കാർ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ ജാമ്യം ശരിവച്ച ഹൈക്കോടതി പൊലീസിനെ രൂക്ഷമായി വിമർശിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ ബെൻസണിന്റെ രഹസ്യമൊഴിയെടുത്ത് മുഖ്യസാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ പുതിയ തീരുമാനം.