cheating-wife

വിവാഹം പവിത്രമാണെന്നും, വിശുദ്ധമാണെന്നും കരുതിപ്പോരുന്ന സംസ്കാരമാണ് നമ്മുടേത്. എന്നാൽ കൂട്ടുകുടുംബങ്ങളിൽ നിന്നും അണുകുടുംബങ്ങളിലേക്ക് സമൂഹം ചേക്കേറിയതോടെ ഭാര്യാഭർതൃബന്ധത്തിലും വിള്ളലുകൾ വീഴാൻ തുടങ്ങി. കുടുംബം മുന്നോട്ട് കൊണ്ടുപോകാനുള്ള തത്രപ്പാടിൽ ദമ്പതികൾക്കിടയിലുള്ള, സ്നേഹം പങ്കുവയ്ക്കാനുള്ള അൽപ്പം സമയവും ജോലിത്തിരക്കുകൾ വിഴുങ്ങുന്ന അവസ്ഥയിലാണ്. ഇന്ത്യൻ ദമ്പതികൾക്കിടയിലും വിവാഹം കഴിഞ്ഞ സ്ത്രീകൾക്കിടയിലും 'ഗ്ളീഡൻ' എന്ന ഡേറ്റിംഗ് ആപ്പ് നടത്തിയ സർവേയുടെ ഫലങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.

'ഗ്ളീഡ'ന്റെ കണക്കുകൾ അനുസരിച്ച് ഇന്ത്യൻ സ്ത്രീകളിൽ പത്തിൽ ഏഴ് പേരും ദാമ്പത്യത്തിന് വെളിയിൽ മറ്റ് പുരുഷന്മാരുമായി ബന്ധം പുലർത്തുന്നവരാണ്. വിവാഹം കഴിച്ച ആൾക്കാർക്കുവേണ്ടി സ്ത്രീകളാൽ സ്ഥാപിക്കപ്പെട്ട ആദ്യ ഡേറ്റിംഗ് വെബ്സൈറ്റാണ് 'ഗ്ളീഡൻ'. ഇത് പ്രധാനമായും സ്ത്രീകളെ ഉദ്ദേശിച്ചുള്ളതും ആണ്. എന്നാൽ ഈ ആപ്പിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവരിൽ കൂടുതൽ പേരും പുരുഷന്മാരാണെന്നുള്ളതാണ് മറ്റൊരു വൈചിത്ര്യം.

ഇന്ത്യയിൽ 5 ലക്ഷത്തിൽപരം ഉപഭോക്താക്കളാണ് 'ഗ്ളീഡ'ണ് ഉള്ളത്. ഇതിൽ ഇന്ത്യയിൽ നിന്നുമുള്ള ഭൂരിഭാഗം പേരും ബംഗളുരു, മുംബയ്, കൊൽക്കത്ത എന്നീ നഗരങ്ങളിൽ നിന്നുമുള്ളവരാണ്. ഭർത്താക്കന്മാർ ശ്രദ്ധിക്കാത്ത, അവരിൽ നിന്നും സ്നേഹം ലഭിക്കാത്ത, ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന സ്ത്രീകളാണ് ഈ ഡേറ്റിംഗ് ആപ്പിനെ ആശ്രയിക്കുന്നത്.

തങ്ങളുടെ വിരസമായ ജീവിതത്തിൽ നിന്നും പുറത്ത് കടക്കാനും ഈ ആപ്പ് ഇവരെ സഹായിക്കുന്നു. ഇക്കാര്യങ്ങൾ വച്ച് സ്ത്രീകളെ കുറ്റപ്പെടുത്താനാകില്ല. കാരണം, ഈ ആപ്പ് ഉപയോഗിച്ച് പങ്കാളിയെ വഞ്ചിച്ച സ്ത്രീകൾ 13% മാത്രമേ ഉള്ളൂ. എന്നാൽ പങ്കാളിയെ വഞ്ചിച്ച പുരുഷന്മാർ 20 ശതമാനമാണ്. തങ്ങളുടെ ജീവിതത്തിലെ ഏകതാനത ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇവർ മറ്റുള്ളവരെ തേടുന്നത്.

എന്നാൽ ഇങ്ങനെയുള്ള ബന്ധം സ്ഥാപിച്ച ശേഷം ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റം ആശ്ചര്യപ്പെടുത്തുന്നതാണ്. ഓൺലൈൻ ഡേറ്റിംഗിന് ശേഷം ഇവർക്ക് ഭർത്താക്കന്മാരിൽ കൂടുതൽ താത്പര്യം തോന്നുകയും ലൈംഗിക ബന്ധത്തിലുൾപ്പെടെ ഇവരുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്തു.