നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന നായികയാണ് സുചിത്ര. മമ്മൂട്ടി, മോഹൻലാൽ എന്നീ സൂപ്പർ സ്‌റ്റാറുകൾ ഒരുമിച്ച ചിത്രത്തിൽ നായികയായി എത്തിയപ്പോൾ വെറും 14 വയസ് മാത്രമായിരുന്നു സുചിത്രയുടെ പ്രായം. പിന്നീട് കുട്ടേട്ടൻ, അഭിമന്യു, മിമിക്‌സ് പരേഡ്, ഭരതം, കാസർകോഡ് കാദർഭായ്, കാശ്‌മീരം, ഹിറ്റ്‌ലർ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ സുചിത്രയെ തേടി എത്തി.
എന്നാൽ ബാലചന്ദ്രമേനോൻ ചിത്രത്തിലൂടെ സിനിമയിൽ വരാനാകാത്തതിന്റെ നഷ്‌ടബോധം തനിക്കുണ്ടെന്ന് സുചിത്ര പറയുന്നു. ഒരു പ്രമുഖ മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് സുചിത്ര മനസു തുറന്നത്.
'ഉള്ളിന്റെ ഉള്ളിൽ എനിക്കും ആ ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിന് നായികമാരെ ക്രിയേറ്റ് ചെയ്യാനുള്ള മാജിക് അറിയാം. അതുകൊണ്ടാണ് അദ്ദേഹം അവതരിപ്പിച്ച നായികമാർ ഒരുപാട് തിളങ്ങിയത്. സിനിമയിൽ സജീവമായ ശേഷം അദ്ദേഹത്തോട് എന്റെയീ നടക്കാതെ പോയ ആഗ്രഹത്തെ കുറിച്ച് പറഞ്ഞിരുന്നു. 'സുചിത്രയെ ആദ്യമായി അവതരിപ്പിക്കാൻ പറ്റാത്തതിൽ എനിക്കും നഷ്‌ടബോധം തോന്നിയിട്ടുണ്ട്' എന്ന മറുപടി കേട്ട് ഞാൻ ഞെട്ടി.
സിനിമയിൽ അവതരിപ്പിച്ചില്ലെങ്കിലും മേനോൻ സാറാണ് എന്നെ സിനിമാ പ്രവർത്തകരുടെ സംഘടനയായ അമ്മയുടെ ഭാരവാഹിയായി ഇൻട്രൊഡ്യൂസ് ചെയ്‌തത്. 1997ലാണ് ഞാൻ അമ്മ ജോയിന്റ് സെക്രട്ടറിയായത്. അന്നെനിക്ക് കഷ്‌ടിച്ച് 22 വയസാണ്. ഒരാൾടെ കഴിവ് കണ്ടെത്താൻ മേനോൻ സാറിന് പ്രത്യേക സിദ്ധിയാണ്. എനിക്ക് അഡ്‌മിനിസ്‌ട്രേറ്റീവ് കേപ്പബിലിറ്റി ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ആത്മവിശ്വാസം പകർന്നു തന്നു.