കൊച്ചി: അടുത്തിടെ വാങ്ങിയ റേഞ്ച് റോവർ വോഗിന് ഫാൻസി നമ്പർ വേണ്ടെന്ന് വച്ച് നടൻ പൃഥ്വിരാജ്. പ്രളയ ബാധിതരെ സഹായിക്കാൻ പണം നൽകുന്നതിനാണ് താരം നമ്പർ വേണ്ടെന്ന് വച്ചത്. തന്റെ പുതിയ കാറിന് KL 07 CS 7777 എന്ന നമ്പർ ലഭിക്കാനായി എറണാകുളം ആർ.ടി. ഓഫീസിൽ താരം രജിസ്റ്റർ ചെയ്തിരുന്നു.
ഇതേ നമ്പർ വേണമെന്ന ആവശ്യവുമായി കുറച്ചാളുകൾ രംഗത്തുവന്നതോടെ ലേലം വിളിക്കാനുള്ള തീരുമാനത്തിലായിരുന്നു ആർ.ടി.ഓഫീസ്. കഴിഞ്ഞ ദിവസം താരം എറണാകുളം ആർ.ടി.ഒ കെ മനോജ്കുമാറിനെ വിളിച്ച് നമ്പർ റിസർവേഷൻ റദ്ദാക്കുകയാണെന്ന് അറിയിച്ചു.
മുമ്പ് ലംബോർഗിനി എടുത്തപ്പോൾ പ്രിയപ്പെട്ട നമ്പർ ലഭിക്കാനായി പൃഥ്വിരാജ് ആറ് ലക്ഷം രൂപ മുടക്കിയിരുന്നു. കഴിഞ്ഞ ദിവസം വയനാട്ടിലെ തിരുനെല്ലിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഒരു ലോഡ് സാധനങ്ങൾ അദ്ദേഹം അയച്ചിരുന്നു.