disaster-edit

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് കേരളത്തിൽ 14.5 ശതമാനം പ്രദേശങ്ങളിലും പ്രകൃതി ദുരന്തത്തിന് സാദ്ധ്യതയുണ്ടെന്നത് ഗൗരവത്തോടെ കാണണം. പ്രകൃതി ദുരന്തങ്ങൾ തുടർച്ചയായി നേരിടുമ്പോൾ ഉത്‌പാദന, സാമ്പത്തിക, സാമൂഹിക മേഖലകളിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ചില്ലറയല്ല!


വെള്ളപ്പൊക്കം, മലയിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയുണ്ടാക്കുന്ന ദുരന്തങ്ങൾ കേരളത്തിൽ തുടർക്കഥയായി മാറുകയാണ്. പ്രൊഫസർ മാധവ് ഗാഡ്ഗിൽ റിപ്പോർട്ട്, ഐക്യരാഷ്ട്രസഭ, ബയോഡൈവേഴ്സിറ്റി ബോർഡ് എന്നിവയുടെ നിർദ്ദേശങ്ങൾ, കസ്തൂരിരംഗൻ റിപ്പോർട്ട് എന്നിവ നടപ്പിലാക്കുന്നതിലെ അമാന്തമാണ് പ്രകൃതി ദുരന്തങ്ങൾ സംസ്ഥാനത്തെ തുടർച്ചയായി പിന്തുടരാൻ കാരണം. അഞ്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശങ്ങൾ ഏറെ ചർച്ച ചെയ്തിരുന്നെങ്കിലും പൊതുജനങ്ങളുടെ എതിർപ്പും, രാഷ്ട്രീയ പ്രേരിതമായ കാരണങ്ങൾ മൂലവും അതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞില്ല. നിർദേശങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ വരാനിരിക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് പ്രൊഫ. ഗാഡ്ഗിൽ അന്നുതന്നെ വ്യക്തമാക്കിയിരുന്നു.


2018 ലെ വിനാശകരമായ വെള്ളപ്പൊക്കത്തിനു ശേഷവും പുനരധിവാസത്തെക്കുറിച്ചുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചെങ്കിലും സുസ്ഥിര നിയന്ത്രണ മാർഗങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകിയില്ല! കേരളം രാജ്യത്തെ പാരിസ്ഥിതികലോല പ്രദേശങ്ങളിൽ മുൻനിരയിലാണെന്ന റിപ്പോർട്ടുണ്ടെങ്കിലും പ്രകൃതി ദുരന്തങ്ങൾ നിയന്ത്രിക്കാനുള്ള കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ ഒരു പരിധിവരെ ഇവയെ തടയാൻ സാധിക്കുമായിരുന്നു. മനുഷ്യനും, വളർത്തുമൃഗങ്ങൾക്കുമുള്ള ജീവഹാനിയ്‌ക്ക് പുറമേ വീട്, റോഡ്, ജീവനോപാധികൾ എന്നിവയുടെ തകർച്ച മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്‌ടം നികത്തൽ ഏറെ ശ്രമകരമാണ്.
ദുരന്ത നിവാരണത്തിന് ദേശീയ, സംസ്ഥാനനയങ്ങൾക്ക് ഉപരി പ്രാദേശികതലത്തിൽ കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. രാജ്യത്ത് ആദ്യമായി വികേന്ദ്രീകൃതാവിഷ്‌കരണം ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ദുരന്തനിവാരണ രംഗത്ത് വികേന്ദ്രീകൃത സമീപനം ആവശ്യമാണ്. ദുരന്തം വരാതെ തടയുക എന്നത് കേവലം സർക്കാരിന്റെ മാത്രം കടമയല്ല. ഓരോ പൗരനും ഇതിനുള്ള മുൻകരുതലെടുക്കണം!
കൂടിയ ജനസാന്ദ്രത, സ്ഥലപരിമിതി, അശാസ്ത്രീയ നിർമ്മാണം, ഭൗതിക സൗകര്യ വികസനം, ഊർജ്ജിത കാർഷിക വികസന പദ്ധതികൾ, കാലാവസ്ഥാ വ്യതിയാനം, യന്ത്രവത്‌കരണം, ഖനനം മുതലായവ പ്രകൃതി ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നു. യന്ത്രവത്‌കരണത്തിലൂടെ നിലം നികത്തിയെടുക്കാനുള്ള പല യന്ത്രങ്ങളും ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഭീഷണി ഉയർത്തുന്നു. കളയും കുറ്റിക്കാടുകളും നശിപ്പിക്കാൻ വരെ വ്യാവസായികമായി യന്ത്രവത്‌കരണം ഉപയോഗിക്കുന്നു. കേരളത്തിൽ മണ്ണുമാന്തി യന്ത്രത്തിന്റെ ഉപയോഗം വളരെ കൂടുതലാണ്. വളരെ എളുപ്പത്തിൽ കൈകൊണ്ട് ചെയ്യാവുന്ന കാര്യങ്ങൾക്കു പോലും ഇവയെ ദുരുപയോഗം ചെയ്യുന്നു. മണ്ണുമാന്തി അക്ഷരാർത്ഥത്തിൽ ഭൂമിയെ ചലിപ്പിക്കുന്നു. ഇവയുടെ പേര് തന്നെ ' എർത്ത് മൂവേഴ്‌സ് ' എന്നാണ്
റിസോർട്ടുകളുടെ എണ്ണത്തിൽ ഭീമമായ വർദ്ധനയുണ്ടായിട്ടുണ്ട്. ഇടുക്കിയിലും, വയനാട്ടിലും ഇത് വ്യക്തമാണ്. തമിഴ്നാട്ടിൽ കൊടൈക്കനാലിൽ അടുത്തയിടെ 1600 റിസോർട്ടുകളാണ് അടച്ചുപൂട്ടിയത്. ആഗോളവത്കരണത്തിന്റെ അനുകരണമെന്നോണം പാശ്ചാത്യ ജീവിതശൈലി അനുകരിക്കുന്നവർ പുഴകൾക്ക് സമീപവും, കുന്നിൻചെരിവിലും വീടുകളും, ബംഗ്ലാവുകളും പണിയുന്ന രീതി വ്യാപകമാവുകയാണ്.
ദുരന്ത നിവാരണത്തിനായി വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകണം. ഓരോ വ്യക്തിയുടെയും ചുമതല എന്ന രീതിയിലേക്കുള്ള ഉത്തരവാദിത്വ പദ്ധതിയായി ഇത് മാറണം. എത്ര കുറഞ്ഞ സ്ഥലമുള്ളവർക്കും ദുരന്തത്തെ പ്രതിരോധിക്കാൻ അനുവർത്തിക്കാവുന്ന നടപടിക്രമങ്ങൾ ലഭ്യമാക്കണം. ഇതിനനുസരിച്ചുള്ള ചെക്ക് ലിസ്റ്റ് വിലയിരുത്തി മാത്രമെ ഭൂമിയിൽ പ്രവർത്തനങ്ങൾ നടത്താവൂ. നടത്താവുന്ന കൃഷി, നടാവുന്ന മരങ്ങൾ, നിർമ്മാണം, ഭൗതിക സൗകര്യങ്ങൾ എന്നിവയ്ക്ക് അനുവർത്തിക്കേണ്ട മുൻകരുതലുകൾ, മണ്ണൊലിപ്പ് തടയുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ തയാറാക്കണം. ഇത് വില്ലേജ് തലത്തിൽ 20 വീടുകൾക്ക്/പറമ്പുകൾക്ക് ഒരു ക്ലസ്റ്റർ എന്ന രീതിയിൽ നടപ്പിലാക്കണം. വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ഇത് മാസത്തിലൊരിക്കൽ വിശകലനം ചെയ്യണം. പഞ്ചായത്ത് തലത്തിലും, ജില്ലാതലത്തിലും മോണിറ്ററിംഗ് ആവശ്യമാണ്. ജി.ഐ.എസ്, അനലിറ്റിക്സ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് എന്നീ സാങ്കേതിക വിദ്യകൾ ഇതിനായി ഫലപ്രദമായി ഉപയോഗിക്കാം. പ്രാദേശികതലത്തിൽ കാലാവസ്ഥ മുന്നറിയിപ്പുകൾക്ക് പ്രാധാന്യം നൽകണം. സോഷ്യൽ മീഡിയ, മൊബൈൽ ആപ്പുകൾ എന്നിവ ഇതിനായി ഫലപ്രദമായി ഉപയോഗിക്കാം. സുതാര്യമായ ഭൂവിനിയോഗം, വിജ്ഞാപന വ്യാപനം എന്നിവയിലൂടെ മാത്രമെ വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളെ ഒരു പരിധിവരെ തടഞ്ഞു നിറുത്താൻ സാധിക്കൂ.