ഇടവിളയായി കൃഷി ചെയ്യാൻ പറ്റിയ കാർഷിക വിളയാണ് ചേമ്പ്. വീട്ടുവളപ്പിലോ പറമ്പിലോ ടെറസിലോ ഒക്കെ ചേമ്പ് കൃഷി ചെയ്യാവുന്നതാണ്. മറ്റ് കിഴങ്ങ് വർഗവിളകളെപ്പോലെത്തന്നെ നല്ല നീർവാർച്ചയുള്ള മണ്ണാണ് ചേമ്പ് കൃഷിക്കും അനുയോജ്യം. മെയ് ജൂൺ മാസങ്ങളാണ് നടാൻ പറ്റിയ സമയം. നനയുള്ള സ്ഥലങ്ങളിൽ എപ്പോൾ വേണമെങ്കിലും കൃഷി ആരംഭിക്കാം.
നടേണ്ട രീതി
നടുന്നതിന് 25 – 35 ഗ്രാം തൂക്കം വരുന്ന ചേമ്പ് വിത്തുകൾ ഉപയോഗിക്കാം. നിലം നല്ലപോലെ കിളച്ചിളക്കി 60 സെ.മീ. അകലത്തിൽ വാരങ്ങളുണ്ടാക്കി അതിൽ 45 സെ.മീ അകലത്തിൽ വേണം ചേമ്പ് നടാൻ. നട്ടതിനുശേഷം പുതയിടണം. നിലമൊരുക്കുന്ന സമയത്ത് കുഴികളിൽ കാലിവളമോ കമ്പോസ്റ്റോ ഇടാം. ഒരു സെന്റിൽ നൂറ്റമ്പത് വിത്തുവരെ പാകാം. മണ്ണ് കിളച്ചൊരുക്കി വരമ്പുണ്ടാക്കി അൻപത് സെന്റീമീറ്ററിൽ താഴെ അകലത്തിൽ അഞ്ച് സെന്റീമീറ്റർ മുതൽ എട്ട് സെന്റീമീറ്റർ വരെ താഴ്ചയിലും വിത്ത് പാകാം. മണ്ണും പച്ചിലയും ഇട്ട് കുഴിമൂടണം. മഴയില്ലെങ്കിൽ സ്ഥിരമായി നനയ്ക്കണം. ഒന്നര മാസംകൊണ്ട് വിത്ത് ചേമ്പുകൾ മുളയ്ക്കും. നട്ട് ഒന്നും രണ്ടും മാസങ്ങൾക്കു ശേഷം കളപറിയ്ക്കലും മണ്ണ് കൂട്ടിക്കൊടുക്കലും ജൈവവളപ്രയോഗവും നടത്തണം. ആരോഗ്യമില്ലാത്ത കിളിർപ്പുകൾ രണ്ടാമത്തെ കളപറിക്കലിനും ഇടയിളക്കലിനുമൊപ്പം നീക്കം ചെയ്യണം.
വിളവെടുപ്പ്
നട്ട് ആറേഴ് മാസമാകുമ്പോൾ വിളവെടുക്കാം. ജൈവകൃഷിക്ക് കടലപ്പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവ ഇടണം. കാര്യമായ കീടങ്ങളുടെയോ രോഗങ്ങളുടെയോ ശല്യമുണ്ടാകില്ല. ഇലപ്പുള്ളി ഉണ്ടായാൽ ആ ഇലയിൽ തീപൊള്ളിച്ചാൽ മതിയാകും. ചേമ്പിന് സാധാരണ കാണുന്ന കുമിൾരോഗം (ബ്ലൈറ്റ്) നിയന്ത്രിക്കുന്നതിനായി സിനെബ് / മങ്കോസെബ് അല്ലെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് അടങ്ങിയ ഏതെങ്കിലും കുമിൾനാശിനി ഇവയിലൊന്ന് ഒരു ലിറ്റർ വെളളത്തിൽ രണ്ടുഗ്രാം എന്നതോതിൽ കലർത്തി തളിക്കാം. മുഞ്ഞയുടെ ആക്രമണം ഉണ്ടെങ്കിൽ ഡൈമെത്തേയേറ്റ് 0.05 ശതമാനം വീര്യത്തിൽ തളിക്കേണ്ടതാണ്. ആറുമാസം കഴിയുമ്പോൾ മുതൽ വിളവെടുത്ത് തുടങ്ങാം. വിളവെടുപ്പിന് ഒരുമാസംമുമ്പ് കിഴങ്ങിൽ നിന്ന് കൂടുതൽ മുള പൊട്ടാതിരിക്കാൻ മണ്ണ് കയറ്റിക്കൊടുത്ത് മൂടണം. നടാനുള്ള ചേമ്പ് വിത്ത് മണൽ നിരത്തി അതിൽ സൂക്ഷിക്കാം.