സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിൽ ഏറ്റവും ശക്തമായ തീരുമാനമെടുത്തുകൊണ്ട് കേന്ദ്രസർക്കാർ ജമ്മുകാശ്മീർ സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞിരിക്കുന്നു. ലോകത്ത് ഏറ്റവും വലിയ ജനാധിപത്യ സംവിധാനമുള്ള നമ്മുടെ രാജ്യത്തിനകത്ത് മറ്റൊരു രാജ്യം എന്ന വിരോധാഭാസമാണ് ഇവിടെ തകർന്നടിഞ്ഞത്. നിർഭയമായും ബുദ്ധിപരമായും എടുത്ത ഈ തീരുമാനം നരേന്ദ്രമോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ വിജയമാണ്.
1949-ൽ ജമ്മു-കാശ്മീർ ഇന്ത്യയുമായി ചേർന്നപ്പോൾ, നാഷണൽ കോൺഫറൻസ് നേതാവ് ഷെയ്ക് അബ്ദുള്ള അധികാരമേറ്റപ്പോൾ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ജവഹർലാൽ നെഹ്റു സർക്കാരാണ് 370-ാം വകുപ്പ് ഭരണഘടനയിൽ പ്രത്യേകമായി എഴുതിച്ചേർത്തത്. പിന്നീട് 1954-ൽ രാഷ്ട്രപതിയുടെ വിജ്ഞാപനത്തിൽ 35-എ വകുപ്പ് പ്രത്യേക ഉത്തരവിലൂടെ ഉൾപ്പെടുത്തുകയുമായിരുന്നു.
പ്രത്യേകാധികാരത്തിലൂടെ ജമ്മുകാശ്മീരിലെ സമ്പത്തിന്റെ നല്ലൊരു ഭാഗം ചുരുക്കം ചിലരുടെ കൈകളിൽ ഒതുങ്ങുന്നു. കേന്ദ്രസർക്കാർ കൊണ്ടുവരുന്ന നിയമങ്ങൾ കാറ്റിൽപ്പറത്തി തങ്ങൾക്ക് അനുകൂലമായവ മാത്രം നടപ്പാക്കുകയും ബാക്കിയുള്ളവ തള്ളിക്കളയുകയും ചെയ്യുന്നു. ഇതരസംസ്ഥാനങ്ങൾക്ക് ബാധകമായ ഒരൊറ്റക്കാര്യവും ജമ്മുകാശ്മീരിന് ബാധകമല്ല. ഇന്ത്യൻ പാർലമെന്റ് പാസാക്കുന്ന നിയമം പോലും വേണ്ടെന്ന് വയ്ക്കാവുന്നതാണ് ഈ പ്രത്യേകാധികാരം. 1954-ൽ രാഷ്ട്രപതിയുടെ പ്രത്യേകാധികാരത്തിലൂടെ ഉൾപ്പെടുത്തിയ 35-എ വകുപ്പ് ഇവിടുത്തെ സ്ഥിരതാമസക്കാരെ പ്രത്യേകം നിർവചിച്ചിരുന്നു. ഇവർക്ക് മാത്രമേ ഇവിടെ താമസിക്കാനും സർക്കാർ ജോലിയിൽ പ്രവേശിക്കാനും വസ്തുവകകൾ വാങ്ങാനും സാധിക്കുകയുള്ളൂ. അതേസമയം കാശ്മീരികൾക്ക് ഇന്ത്യയിലെവിടെയും ജോലി ചെയ്യുന്നതിനോ, വസ്തുവകകൾ സമ്പാദിക്കുന്നതിനോ തടസമില്ല. കാശ്മീരിലെ സ്ത്രീകൾക്ക് കാശ്മീരികളെ മാത്രമേ വിവാഹം ചെയ്യാനാവൂ. പുറത്തുനിന്ന് വിവാഹം ചെയ്താൽ കാശ്മീരി എന്ന പരിഗണന നഷ്ടമാകുകയും കുട്ടികൾക്ക് പിൻതുടർച്ചാവകാശം ഇല്ലാതാവുകയും ചെയ്യും. രാജ്യത്ത് എവിടെയും ജീവിക്കാനും ജോലി ചെയ്യാനുമുള്ള പൗരന്റെ അവകാശത്തിനാണ് ഈ പ്രത്യേക വകുപ്പിലൂടെ വിലങ്ങിട്ടിരുന്നത്. കാശ്മീരിനെ പാകിസ്ഥാന്റെ ഭാഗമായി കാണാനാഗ്രഹിച്ചവർക്ക് സന്തോഷം നൽകുന്നതായിരുന്നു പ്രത്യേക പദവി. മറ്റ് സംസ്ഥാനത്തുള്ളവർക്ക് കാശ്മീരിൽ നിഷേധിക്കപ്പെട്ട സ്വത്തവകാശം പാകിസ്ഥാനിലേക്ക് പോയവർക്ക് അനുവദിച്ചു എന്നുള്ളതാണ് ഇന്ത്യയുടെ അഖണ്ഡതയെ വെല്ലുവിളിക്കുന്ന ഭീകരതയുടെ മുഖംമൂടി.
മറ്റ് പല നാട്ടുരാജ്യങ്ങളെയും പോലെ നിരുപാധികമായി ഇന്ത്യൻ യൂണിയൻ ചേരുന്നതിനു പകരം ഷെയ്ക് അബ്ദുള്ളയുടെ താളത്തിന് തുള്ളി ജമ്മുകാശ്മീരിന് പ്രത്യേക പദവി എന്ന ആവശ്യത്തിന് മുന്നിൽ മുട്ടുമടക്കുകയായിരുന്നു അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു. ഏഴ് പതിറ്റാണ്ട് കൊണ്ട് അവിടെ മാറിമാറി ഭരിച്ച ചില മേലാളന്മാർക്കല്ലാതെ അവിടുത്തെ സാധാരണക്കാർക്ക് യാതൊരു നേട്ടവുമുണ്ടായിട്ടില്ല. മാത്രവുമല്ല, ശരിയായ വിദ്യാഭ്യാസവും തൊഴിലും ഇല്ലാതാക്കി ചെറുപ്പക്കാരെ തീവ്രവാദികളുടെയും വിഘടനവാദികളുടെയും ഇരകളാക്കി മാറ്റുകയായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ഉൾപ്പടെ ഒരു രംഗത്തും പുറത്തുനിന്ന് നിക്ഷേപം നടത്താനാവുന്നില്ല. രാഷ്ട്രീയ മേലാളന്മാർക്ക് മാത്രം സമ്പത്ത് കുമിഞ്ഞുകൂടുന്ന സ്ഥിതിവിശേഷവും അവിടെ രൂപം കൊണ്ടു.
എല്ലാരംഗത്തും കുതിച്ചുയരുന്ന നമ്മുടെ രാജ്യത്ത് ഇവിടുത്തെ നിയമങ്ങൾ ബാധകമല്ലാതെ പ്രത്യേക അവകാശങ്ങളോടും പദവിയോടും കൂടി ഒരു സംസ്ഥാനം പ്രവർത്തിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. അതിന്റെ പേരിലുള്ള വൈദേശിക ഇടപെടലിനെ തകർക്കാൻ കരുത്തുള്ള രാജ്യമാണ് നമ്മുടേത്. ശക്തിയും ബുദ്ധിവൈഭവവുമുള്ള സേനയും നമുക്കുണ്ട്.ജമ്മുകാശ്മീരിനെ മുഖ്യധാരയിലെത്തിക്കാനും സർവതോന്മുഖമായ വികസനത്തിനും വളർച്ചയ്ക്കും ഉതകുന്നതാണ് ഈ നടപടി. എതിർപ്പ് ഉയർത്തുന്നവർ രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടുള്ള തീക്കളിയാണ് നടത്തുന്നത്. കോൺഗ്രസിൽത്തന്നെ അതിന്റെ പേരിൽ രണ്ടുചേരി ഉണ്ടായി എന്നത് തീരുമാനത്തിന്റെ സ്വീകാര്യതയാണ് സൂചിപ്പിക്കുന്നത്. പ്രതിപക്ഷകക്ഷികളായ ബി. എസ്. പി. യും എ.എ. പി. യും കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ചതും കാണണം. ഈ തീരുമാനത്തെ എതിർത്ത രാജ്യം നമ്മുടെ രാജ്യത്തെ ഇല്ലായ്മ ചെയ്യാൻ തക്കംപാർത്തിരിക്കുന്ന പാകിസ്ഥാനാണ്. അവർക്ക് ശക്തിപകരുന്നതാണ് ഇവിടുത്തെ എതിർപ്പുകൾ.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ അവരുടെ പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിരുന്നതാണ് കാശ്മീരിന്റെ പ്രത്യേകാധികാരം എടുത്ത് കളഞ്ഞ് രാജ്യത്ത് ഒരു പൗരത്വവും ഒരു നീതിയും ഒരു നിയമവും നടപ്പാക്കും എന്നത്. അതിന് അസാധാരണ ധീരതയോടെ നേതൃത്വം നൽകിയ അമിത് ഷാ ഇരിക്കുന്നത് സർദാർ വല്ലഭായി പട്ടേൽ എന്ന ഉരുക്കു മനുഷ്യൻ ഇരുന്ന ആഭ്യന്തര മന്ത്രിക്കസേരയിലാണ്. ആ പാരമ്പര്യം നിലനിറുത്തി ഇന്ത്യയുടെ പരമാധികാരത്തെ ആർക്കും പണയം വയ്ക്കാത്ത ധീരനടപടിയെ അഭിനന്ദിക്കുന്നു. മോദി- അമിത്ഷാ ഭരണകൂടത്തിന് മാത്രമേ ധീരമായ ഇത്തരം നടപടിക്ക് ചങ്കൂറ്റം ഉണ്ടാകൂ. നട്ടെല്ല് ഉണ്ടായാൽ പോര അത് വളയാത്തതും ആയിരിക്കണം. അതാണ് ചങ്കൂറ്റം.