ദുബായ് : കേരളത്തെ ദുരിതത്തിൽ നിന്ന് കരകയറ്റാൻ നൗഷാദിനെ പോലുള്ളവർ വേണം. തന്റെ തുണിക്കടയിലെ വസ്ത്രങ്ങൾ മുഴുവൻ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകിയ നൗഷാദിനെത്തേടി പ്രവാസികളുടെ സ്നേഹമെത്തിയിരിക്കുകയാണ്.
എറണാകുളം ബ്രോഡ്‌വേയിലെ വഴിയോരക്കച്ചവടക്കാരനായ മാലിപ്പുറം സ്വദേശിയായ നൗഷാദും കുടുംബവും ഓണത്തിന് ശേഷം യു.എ.ഇ സന്ദർശിക്കും. ദുബായിലെ സ്മാർട് ട്രാവൽസ് എംടി അഫി അഹമദ് കഴിഞ്ഞ ദിവസം നൗഷാദിൻറെ വീട്ടിൽ നേരിട്ടെത്തി യു.എ.ഇയിലേക്ക് ക്ഷണിക്കുകയായിരുന്നു.
ഒരു ലക്ഷം രൂപയും,യു.എ.ഇ സന്ദർശിക്കാനുള്ള എല്ലാ സൗകര്യങ്ങളും നൗഷാദിനും കുടുംബത്തിനും അദ്ദേഹം വാഗ്ദാനം ചെയ്തു. ഈ പണം കൊണ്ട് നൗഷാദിന്റെ കടയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങി പ്രളയം മൂലം കഷ്ടപ്പെടുന്നവർക്കായി നൽകാനായി തീരുമാനിച്ചു. കൂടാതെ ഒരു ലക്ഷം ദിർഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും അഫി അഹമദ് അറിയിച്ചു.