jammu-kashmir

ശ്രീനഗർ: ജമ്മു കാശ്മീരിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്ന് കാശ്‌മീർ ചീഫ് സെക്രട്ടറി ബി.വി.ആർ സുബ്രഹ്മണ്യം. കാശ്മീരിൽ ഘട്ടം ഘട്ടമായാകും ടെലിഫോൺ സംവിധാനം പുനഃസ്ഥാപിക്കുക എന്നും അദ്ദേഹം അറിയിച്ചു. താഴ്വരയിൽ ക്രമസമാധാനം നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കുമെന്നും സർക്കാർ സ്ഥാപനങ്ങൾ അധികം വൈകാതെ തന്നെ തുറന്നു പ്രവർത്തിക്കുമെന്നും കാശ്മീർ ചീഫ് സെക്രട്ടറി അറിയിച്ചു.

കശ്മീരിലെ സമാധാനം തകർക്കാനുള്ള ശ്രമങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്നും, സമാധാനത്തെ തകർക്കാനുള്ള ശ്രമത്തെ ചെറുക്കുമെന്നും സുബ്രമണ്യം അറിയിച്ചു. കാശ്മീരിൽ വികസനപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും മാദ്ധ്യമങ്ങൾക്ക് കാശ്മീരിൽ നിന്നുമുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള അവസരം ഒരുക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. 12 ദിവസങ്ങൾക്ക് മുൻപാണ് കാശ്മീരിൽ നിയന്ത്രണങ്ങളും നിരോധനാജ്ഞയും ഏർപ്പെടുത്തിയത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്നതുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാർ ഇവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.