തിരുവനന്തപുരം: ദുരിതാശ്വാസ കളക്‌ഷൻ സെന്ററുകൾ ഇനി ഒരിടത്തേക്ക് മാറ്റുന്നു. നഗരത്തിലെ എല്ലാ കളക്ഷൻ സെന്ററുകളെയും ഏകോപിപ്പിച്ച് എസ്.എം.വി സ്‌കൂളിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കളക്‌ഷൻ സെന്റർ പ്രവർത്തിക്കും. 20 വരെ ഈ സെന്ററിലൂടെ സാധനങ്ങൾ ശേഖരിക്കും. നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സെന്ററുകൾ ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചു. നഗരസഭാ ആസ്ഥാനത്തുനിന്നും ഇന്നലെ വൈകിട്ട് വരെ 75 ലോഡ് സാധനങ്ങൾ കയറ്റിയയച്ചു.
ജില്ലാപഞ്ചായത്ത് അയച്ചത്
50 ലോഡ് സാധനങ്ങൾ
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൈമാറിയത് 50 ലോഡ് സാധനങ്ങൾ. 13ന് ആരംഭിച്ച കളക്ഷൻ സെന്ററിൽ ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് സാധനങ്ങൾ ശേഖരിച്ചത്. ഇനിയും 30 ലോഡിനുള്ള സാധനങ്ങൾ ജില്ലാ പഞ്ചായത്തിന്റെ മുന്നിൽ ശേഖരമായുണ്ട്. ഇവ ഇനി മോഡൽ സ്‌കൂളിലെ പുതിയ കളക്‌ഷൻ കേന്ദ്രത്തിലേക്ക് മാറ്റും. പ്രളയ മേഖലയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന്റെ നേതൃത്വത്തിൽ വോളന്റിയർമാരുടെ സംഘം രൂപീകരിച്ചു.
എൻജിനിയറിംഗ് വിദ്യാർത്ഥികൾ ശേഖരിച്ച
സാമഗ്രികൾ മലപ്പുറത്തെത്തിച്ചു
എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല നാഷണൽ സർവീസ് സ്‌കീം സെല്ലിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനത്തിൽ ജില്ലയിലെ എൻജിനിയറിംഗ് കോളേജുകൾ സംയുക്തമായി ദുരിതാശ്വാസ സാമഗ്രികൾ ശേഖരിച്ച് മലപ്പുറം കളക്‌ടറേറ്റിലെത്തിച്ചു. കോളേജ് ഒഫ് എൻജിനിയറിംഗ് ട്രിവാൻഡ്രം, ഗവൺമെന്റ് എൻജിനിയറിംഗ് കോളേജ് ബാർട്ടൺഹിൽ, എ.സി.ഇ കോളേജ് തിരുവല്ലം, വിദ്യാ എൻജിനിയറിംഗ് കോളേജ് കിളിമാനൂർ, ലൂർദ് മാതാ കോളേജ് ഒഫ് എൻജിനിയറിംഗ് കുറ്റിച്ചൽ, ജോൺ കോക്‌സ് എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സാധനങ്ങൾ ശേഖരിച്ചത്. ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്‌ണൻ ഫ്ളാഗ് ഓഫ് ചെയ്‌തു. മലപ്പുറം കളക്‌ടറേറ്റിലെത്തിച്ച ദുരിതാശ്വാസ സാമഗ്രികൾ മന്ത്രി കെ.കെ. ശൈലജ സ്വീകരിച്ചു.