ശ്രീനഗർ: ജമ്മുകാശ്മീരിലെ ജനജീവിതം സാധാരണനിലയിലാണെന്നും നിയന്ത്രണങ്ങൾ മുൻകരുതൽ മാത്രമാണെന്നും ചീഫ് സെക്രട്ടറി ബി.വി.ആർ. സുബ്രഹ്മണ്യം വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ സംവിധാനങ്ങൾ ഇന്നലെ മുതൽ പൂർണസജ്ജമായെന്നും ടെലികോം സേവനങ്ങൾ ഘട്ടം ഘട്ടമായി പുന:സ്ഥാപിക്കുമെന്നും സ്കൂളുകൾ തിങ്കളാഴ്ച തുറക്കുമെന്നും സുബ്രഹ്മണ്യം പറഞ്ഞു.
''ഒരു ജീവൻ പോലും നഷ്ടപ്പെടുകയോ ഒരാൾക്കു പോലും ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തതായി റിപ്പോർട്ടില്ല. സമാധാനപാലനത്തിനായി ചില കരുതൽ തടങ്കലുകൾ വേണ്ടിവന്നുവെന്നു മാത്രം. പാകിസ്ഥാന്റെ പിന്തുണയോടെ കാശ്മീരിൽ ഭീകരർ ആക്രമണം നടത്താൻ തയാറെടുക്കുന്നതായി കൃത്യമായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക മാത്രമാണ് ചെയ്തത്. 22 ജില്ലകളിൽ 12 എണ്ണം സാധാരണ നിലയിലാണ്, 5 ഇടങ്ങളിൽ മാത്രമാണ് ചെറിയ തോതിൽ നിയന്ത്രണങ്ങളുള്ളത്. വരുംദിവസങ്ങളിൽ അതും നീക്കും. "- ചീഫ് സെക്രട്ടറി പറഞ്ഞു.
അതേസമയം, കാശ്മീരിലെ നിയന്ത്രണങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ നീക്കുമെന്ന് സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. കാശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എത്രയും പെട്ടെന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ തീരുമാനം അറിയിച്ചത്. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370–ാം അനുച്ഛേദം എടുത്തുകളഞ്ഞതിനു പിന്നാലെ ഈ മാസം 5 മുതലാണ് കാശ്മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള എന്നിവരടക്കം 400ഓളം രാഷ്ട്രീയനേതാക്കൾ സംസ്ഥാനത്ത് കരുതൽ തടവിലാണ്.