ഇന്ത്യൻ സേനയിലെ ഏറ്റവും ഉന്നത മായ റാങ്ക് ഫീൽഡ് മാർഷൽ ആണ്. ഫൈവ് സ്റ്റാർ റാങ്കാണ് അത്. രണ്ട് ആർമി ഓഫീസർമാർക്കേ ഇന്നുവരെ ആ പദവി നൽകിയിട്ടുള്ളൂ. സാം മനേക്ഷായ്‌ക്കും കരിയപ്പയ്‌ക്കും. ജനറലിന് മുകളിലുള്ള റാങ്കാണ് ഫീൽഡ് മാർഷൽ. പ്രധാനമായും യുദ്ധകാലത്തെ പ്രഗൽഭ സേവനത്തിന് നൽകുന്ന റാങ്കാണ്. ആദ്യം നൽകിയത് സാം മനേക് ഷായ്‌ക്കാണ്.
1971ലെ ഇന്ത്യ - പാക് യുദ്ധത്തിലെ മികവിനാണ് അദ്ദേഹത്തെ പരിഗണിച്ചത്. യുദ്ധത്തിന് ശേഷം മനേക് ഷായെ ഫീൽഡ് മാർഷലായി പ്രൊമോട്ട് ചെയ്യാനും തുടർന്ന് അദ്ദേഹത്തെ ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ആയി നിയമിക്കാനും പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി തീരുമാനിച്ചു. എന്നാൽ നാവിക, വ്യോമ സേനകളിലെ കമാൻഡർമാരും ബ്യൂറോക്രസിയും സി. ഡി. എസ് നിയമനത്തെ എതിർത്തതിനെ തുടർന്ന് ഇന്ദിരാഗാന്ധി ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. ചീഫ് ഒഫ് ആർമി സ്റ്റാഫ് പദവിയിൽ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുൻപ് 1973 ജനുവരി 3ന് സാം മനേക് ഷായ്‌ക്ക് രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് ഫീൽഡ് മാർഷൽ റാങ്ക് നൽകിയത്.
ജനറൽ എം. കരിയപ്പ 1953ൽ തന്നെ വിരമിച്ചതാണ്. ഇന്ത്യൻ ആർമിയുടെ കമാൻഡർ ഇൻ ചീഫായ ആദ്യ ഇന്ത്യക്കാരനായിരുന്നു കരിയപ്പ. ഫീൽഡ് മാർഷൽ മരണം വരെ സർവീസിൽ നിന്ന് വിരമിക്കില്ലെന്നാണ് സങ്കൽപ്പം. അതുകൊണ്ടു തന്നെ വിരമിച്ചവർക്ക് ആ റാങ്ക് നൽകാൻ വ്യവസ്ഥ ഇല്ല. എന്നാൽ കരിയപ്പയുടെ അതുല്യ സേവനം കണക്കിലെടുത്ത് ആ വ്യവസ്ഥ മറികടന്ന് 1986ൽ അദ്ദേഹത്തിന് ഫീൽഡ് മാർഷൽ റാങ്ക് സമ്മാനിച്ചു.