chandrasekhar

ചെന്നൈ: മുൻ ഇന്ത്യൻ ഓപ്പണറും വിക്കറ്ര് കീപ്പറുമായ വി.ബി ചന്ദ്രശേഖറെ സ്വന്തം വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 57 വയസായിരുന്നു. ചെന്നൈ മൈലാപ്പൂരുള്ള ചന്ദ്രശേഖറിന്റെ വസതിയിലെ രണ്ടാം നിലയിലെ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ചന്ദ്രശേഖറെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയോടെ വീടിന്റെ മുകളിലെ നിലയിലെ മുറിയിലേക്ക് പോയ ചന്ദ്ര ശേഖർ പിന്നെ വാതിൽ തുറന്നില്ലെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ പറഞ്ഞു. ഏറെ നേരമായിട്ടും പ്രതികരണമൊന്നുമില്ലാതിരുന്നതിനാൽ വീട്ടുകാർ മുകളിലെത്തി ജനലിലൂടെ നോക്കിയപ്പോഴാണ് ചന്ദ്രശേഖർ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്.

അടുത്ത കാലത്തായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ അദ്ദേഹം കടബാധ്യതമൂലമാണ് ആത്മ‌ഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്‌പെക്‌ർ സെന്തിൽ മുരുഗൻ പറഞ്ഞു. തമിഴ്നാട് പ്രിമിയ‌ർ ലീഗ് ടീമായ കാഞ്ചിവീരൻസിന്റെ ഉടമയായ ചന്ദ്രശേഖർ ടീമുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. മൂന്ന് കോടിയോളം രൂപ ടീമിനായി അദ്ദേഹം മുടക്കിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് കനത്ത നഷ്ടംസംഭവിച്ചെന്നും കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് കിട്ടിയിരുന്നെന്നും പൊലീസ് പറഞ്ഞു. തമിഴ്നാടിനും ഗോവയ്ക്കുമായും ആഭ്യന്തര മത്സരങ്ങളിൽ കളിച്ചിട്ടുള്ള ചന്ദ്രശേഖർ 1986ലാണ് പ്രൊഫഷണൽ ക്രിക്കറ്രിൽ അരങ്ങേറുന്നത്. 1988ൽ ഡിസംബർ 10ന് ന്യൂസിലൻഡിനെതിരെയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്രം. 7 ഏകദിന മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 2012ൽ തമിഴ്നാട് രഞ്ജി ടീമിന്റെ പരിശീലന ചുമതല ഏറ്രെടുത്തു. ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്രഥമ ഓപ്പറേഷൻ ഡയറക്ടറായിരുന്നു.

1988/89 സീസണിൽ ഇറാനി ട്രോഫിയിൽ തമിഴ്നാടിനായി റസ്റ്റ് ഒഫ് ഇന്ത്യയ്ക്കെതിരെ 56 പന്തിൽ ചന്ദ്രശേഖർ നേടിയ 100റൺസ് ഒരിന്ത്യൻ താരത്തിന്റെ ഫസ്റ്ര് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയായിരുന്നു. 2016ൽ റിഷഭ് പന്താണ് ഈ റെക്കാഡ് മറികടന്നത്. 48 പന്തിലായിരുന്നു റിഷഭിന്റെ സെഞ്ച്വറി.