1. ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സി.പി.എം പ്രാദേശിക നേതാവ് ഓമനക്കുട്ടനെ സി.പി.എം സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ പണപ്പിരിവ് നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ പുറത്തു നിന്നുള്ള ആരുടെയും ഇടപെടല്‍ ഉണ്ടാകരുത് എന്ന മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കേ ആണ് സി.പി.എം നേതാവിന്റെ നിര്‍ബന്ധിത പിരിവ്. ഓമനക്കുട്ടന്‍ കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗം ആണ്.
2. വെള്ളം കയറി ദുരത്തിലായ പാവങ്ങളുടെ പക്കല്‍ നിന്നും ആയിരുന്നു പിരിവ് നടത്തിയത്. അര്‍ത്തുങ്കലില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നും സാധനങ്ങള്‍ എത്തിക്കാന്‍ വാഹനത്തിന് വാടക നല്‍കണം എന്നു പറഞ്ഞായിരുന്നു പണപ്പിരിവ്. ഇതിനെ ക്യാമ്പില്‍ ചിലര്‍ ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ പരസ്യമായി തന്നെ പണപ്പിരിവിന് മുതിരുക ആയിരുന്നു.
3. മുത്തലാഖ് നിയമത്തിലെ കേരളത്തിലെ ആദ്യത്തെ കേസ് കോഴിക്കോട് താമരശേരി കോടതിയില്‍. മുക്കം കുമാരനല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. മുസ്ലിം വുമന്‍സ് പ്രൊട്ടക്ഷന്‍ ആക്ട് 3, 4 വകുപ്പുകള്‍ പ്രകാരമാണ് കേസ്
4. അണവായുധ പ്രയോഗത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തും എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. നിലവില്‍ ആണവായുധം പ്രയോഗിക്കില്ല എന്നാണ് ഇന്ത്യയുടെ നയം. ഈ നയത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തും. പ്രതികരണം, രാജസ്ഥാനിലെ പൊക്രാനില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ വിഹാരി വാജ്‌പേയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ. കാശ്മീര്‍ വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന പാകിസ്ഥാന് ഇത് മുന്നറിയിപ്പായി കണക്കാക്കാം എന്നും രാജ്നാഥ് സിംഗ്
5. സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിദേശത്തു നിന്നെത്തിക്കുന്ന സാധന സാമഗ്രികള്‍ക്ക് നികുതി ഇളവില്ലെന്ന് കസ്റ്റംസ് വകുപ്പ് അറിയിച്ചു. കഴിഞ്ഞ പ്രളയ കാലത്ത് നല്‍കിയ നികുതിയിളവ് ഇപ്പോള്‍ ലഭിക്കില്ലെന്നും കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മിഷണര്‍ സുമിത് കുമാര്‍ അറിയിച്ചു. 2018ലെ പ്രളയസമയത്ത് വിദേശത്തു നിന്നെത്തിക്കുന്ന സാധന സാമഗ്രികള്‍ക്ക് നികുതിയിളവ് ഏര്‍പ്പെടുത്തിയിരുന്നു
6. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമ മന്ത്രാലയത്തിന് കത്ത് നല്‍കി. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനെ 12 അക്ക ആധാറുമായി ബന്ധിപ്പിക്കുന്നതിന് 1950 ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് കത്തില്‍ കമ്മീഷന്‍ ആവശ്യപ്പെടുന്നു. നടപടി കള്ളവോട്ട് തടയാനും ഇരട്ട വോട്ട് തടയാനും നടപടി ഉപകരിക്കുമെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍.
7. കശ്മീരില്‍ നിരോധനാജ്ഞയെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തിങ്കളാഴ്ച തുറന്നു പ്രവര്‍ത്തിക്കും. സെക്രട്ടേറിയറ്റും അനുബന്ധ ഓഫീസുകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മേഖലയിലെ സമാധാന അന്തരീക്ഷവും സ്ഥിതിഗതികളും പ്രദേശിക ഭരണകൂടം വിലയിരുത്തിയതിന് ശേഷമാകും സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ കടകമ്പോളങ്ങള്‍ 11ാം ദിവസവും അടഞ്ഞ് കിടക്കുകയാണ്.
8.യു.എസ് കോണ്‍ഗ്രസിലെ രണ്ട് ഡെമോക്രാറ്റിക് വനിതാ അംഗങ്ങള്‍ക്ക് ഇസ്രയേലിന്റെ വിലക്ക്. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വംശീയ അധിക്ഷേപം ചൊരിഞ്ഞ റാഷിദ തലൈബിനും ഇല്‍ഹാന്‍ ഉമറിനുമാണ് ഇസ്രയേലില്‍ പ്രവേശിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇസ്രയേലിനെ ബഹിഷ്‌കരിക്കുന്നവരെ പിന്തുണക്കുന്നവരെന്ന് വ്യക്തമാക്കിയാണ് ഇസ്രയേലിന്റെ നടപടി. ഇല്‍ഹാന്‍ ഉമറിന്റെയും റാഷിദ തലൈബിന്റെയും ലക്ഷ്യം ഇസ്രയേലിനെ ദ്രോഹിക്കല്‍ മാത്രമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു
9. മുപ്പത്തിമൂന്ന് യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ എയര്‍ബസ് വിമാനം പക്ഷിയിടിച്ചതിനെ തുടര്‍ന്ന് പാടത്ത് സുരക്ഷിതമയി ഇടിച്ചിറക്കി. മോസ്‌കോയുടെ തെക്ക്കിഴക്കന്‍ പാടത്താണ് യൂറല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 321 വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തിയത്. അപകടഘട്ടത്തിലും മനസാന്നിദ്ധ്യം കൈവിടാതെ വിമാനം സുരക്ഷിതമായി ഇറക്കിയ പൈലറ്റിന് ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്ന് അഭിനന്ദന സന്ദേശങ്ങളുടെ പ്രവാഹമാണ്.
10. സുന്ദര്‍ സി വിശാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് 'ആക്ഷന്‍'. തമന്നയും മലയാളി താരം ഐശ്വര്യ ലക്ഷ്മിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു. ആക്ഷന്‍മാസ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുര്‍ക്കിയിലും ഹൈദരാബാദിലുമായാണ് നടക്കുന്നത്. ഹിപ്‌ഹോപ് തമിഴയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
11. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി ഒരുക്കിയ മിഷന്‍ മംഗള്‍ കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിച്ചത്. ചിത്രത്തിന്റെ ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇന്ത്യയില്‍ നിന്ന് മാത്രമായി ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത് 29.16 കോടി രൂപയാണ്. ഒരു അക്ഷയ് കുമാര്‍ ചിത്രത്തിന് ആദ്യ ദിനം ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്. ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ആയാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. വിദ്യാ ബാലന്‍, തപ്സി, സൊനാക്ഷി സിന്‍ഹ, നിത്യ മേനോന്‍, കിര്‍ത്തി എന്നിവര്‍ വനിതാ ശാസ്ത്രജ്ഞരായും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്.
|
|
|