dharmajan-bolgatty

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കന്നവർക്ക് ഇതുവരെയും ധനസഹായം കൃത്യമായി വിതരണം ചെയ്തിട്ടില്ലെന്ന നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ പ്രസ്താനവയെ അനുകൂലിച്ചും വിമ‍‍ശിച്ചും സോഷ്യൽ മീഡിയ. താരത്തിന്റെ ഫേസ്ബുക്ക് പേജിൽ കമന്റുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഒരു സ്വകാര്യ ചാനൽ പരിപാടിക്കിടെയാണ് ധർമ്മജൻ സർക്കാരിനെയും ജനപ്രതിനിധികളെയും വിമർശിച്ചു കൊണ്ടുള്ള പരാമർശം നടത്തിയത്.

കഴിഞ്ഞ പ്രളയത്തിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളരെ പെട്ടന്നു തന്നെ കോടികൾ എത്തി. എന്നാൽ അതേ വേഗതയിൽ ആ തുക അർഹിക്കുന്നവരുടെ കൈകളിൽ എത്തിയില്ല. ഇത്രയും മന്ത്രിമാരും ജനപ്രതിനിധികളും ഉള്ളപ്പോൾ എന്തുകൊണ്ട് ദുരിതമനുഭവിക്കുന്നവരുടെ കെെകളിലെത്തുന്നില്ലാ എന്നും ധർമ്മജൻ ചോദിച്ചു. തന്റെ പഞ്ചായത്തായ വരാപ്പുഴ പഞ്ചായത്തിനെ ഉദാഹരിച്ചായിരുന്നു താരത്തിന്റെ പ്രസ്താവന. എന്നാൽ ധർമ്മജനെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് കാര്യങ്ങൾ മനസിലാക്കാതെ സംസാരിക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു.

എന്നാൽ ധർമ്മജനെ വ്യക്തിഹത്യ നടത്തുന്ന തരത്തിലും കമന്റുകൾ പ്രവഹിക്കുന്നു. എല്ലാ പോസ്റ്റുകൾക്കും താഴെ അസഭ്യവർഷം നടത്തിയാണ് ഒരു കൂട്ടം പ്രതികരിച്ചത്. താരത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളും അതിൽ ഇവർ ചൂണ്ടിക്കാട്ടുന്നു. ചിലർ സത്യാവസ്ഥ താരത്തിനെ മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്. സർക്കാർ കാര്യങ്ങൾക്ക് കാലതാമസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതിൽ രോഷം കൊള്ളുന്നതിൽ അടിസ്ഥാനമില്ലെന്നും ഇവർ കുറിച്ചു.