cfed

കൊല്ലം: അഴിമതിക്കേസിൽ സി.ബി.ഐ അന്വേഷണം നേരിടുന്ന കാഷ്യു കോർപ്പറേഷൻ മുൻ എം.ഡി ഡോ. കെ.എ രതീഷനെ കൺസ്യൂമർഫെഡ് എം.ഡിയായി നിയമിക്കാനുള്ള നീക്കം വിവാദമായി. കൺസ്യൂമർഫെഡ് എം.ഡിയെ നിയമിക്കാൻ ബുധനാഴ്ച സെക്രട്ടേറിയറ്റിലെ സഹകരണ വകുപ്പ് സെക്രട്ടറിയുടെ ഓഫീസിൽ നടന്ന ഇന്റർവ്യൂവിൽ രതീഷ് അടക്കം 5 പേരാണ് പങ്കെടുത്തത്. 4 പേരെയും പുറന്തള്ളി അന്ന് വൈകിട്ട് തന്നെ രതീഷിനെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കി നിയമനത്തിന് ഇന്റർവ്യൂ ബോർഡ് ശുപാർശ ചെയ്യുകയായിരുന്നു.

കുറെക്കാലം കൺസ്യൂമർഫെഡ് എം.ഡിയായിരുന്ന് മികച്ച പ്രവർത്തനം കാഴ്ചവച്ച മാനേജ്മെന്റ് വിദഗ്ധൻ, കൺസ്യൂമർഫെഡ് മുൻ ജി.എം, സപ്ളൈകോ മുൻ ജനറൽ മാനേജർ, ജലഅതോറിറ്റി മുൻ ചീഫ് എൻജിനിയർ എന്നിവരാണ് രതീഷിന് പുറമേ ഇന്റർവ്യൂവിൽ പങ്കെടുത്തത്. സഹകരണ അക്കാഡമി (കേപ്പ്), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടർമാർ, സഹകരണ സംഘം രജിസ്ട്രാർ, സഹകരണവകുപ്പ് സെക്രട്ടറി എന്നിവരായിരുന്നു ഇന്റർവ്യു ബോർഡിലുണ്ടായിരുന്നത്.

കശുഅണ്ടി വികസന കോർപ്പറേഷനിൽ രതീഷ് എം.ഡി ആയിരുന്ന 2005- 2015 കാലയളവിലുണ്ടായ അഴിമതിയെക്കുറിച്ച് സി.ബി.ഐ നടത്തുന്ന അന്വേഷണം അന്തിമഘട്ടത്തിലാണ്. രതീഷ് ഒന്നാം പ്രതിയും മുൻചെയർമാൻ അന്തരിച്ച ഇ.കാസിം രണ്ടാം പ്രതിയും മറ്റൊരു മുൻ ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആർ.ചന്ദ്രശേഖരൻ മൂന്നാം പ്രതിയും കാഷ്യു കോർപ്പറേഷന് തോട്ടണ്ടി നൽകിയ കരാറുകാരൻ ജയ്മോൻ ജോസഫ് നാലാം പ്രതിയുമാണ്.

കാഷ്യു കോർപ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട മറ്റൊരു വിജിലൻസ് കേസിലും രതീഷ് പ്രതിയായിരുന്നെങ്കിലും ഈ കേസിൽ അടുത്തിടെ കുറ്റവിമുക്തനാക്കിയിരുന്നു.

'കൺസ്യൂമർഫെഡ് എം.ഡി സ്ഥാനത്തേക്ക് നടന്ന ഇന്റർവ്യൂവിൽ ഒന്നാമതെത്തിയ വിവരം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അപേക്ഷ അയച്ചു, ഇന്റർവ്യൂവിൽ പങ്കെടുത്തു, അതല്ലാതെ ഒന്നുമറിയില്ല.

കെ.എ രതീഷ്