ജയ്പുർ: പശുക്കടത്ത് ആരോപിച്ചു രണ്ടുവർഷം മുമ്പ് രാജസ്ഥാനിൽ പെഹ്‌ലുഖാൻ എന്നയാളെ ആൾക്കൂട്ടം മർദിച്ചുകൊലപ്പെടുത്തിയ കേസ് പുനരന്വേഷിക്കാൻ രാജസ്ഥാൻ സർക്കാർ ഉത്തരവിട്ടു. കേസിലെ ആറു പ്രതികളെയും വിചാരണ കോടതി കുറ്റവിമുക്തരാക്കിയ സാഹചര്യത്തിലാണ് നടപടി. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അറിയിച്ചു.
2017 ഏപ്രിൽ ഒന്നിനു ഡൽഹി-ജയ്പുർ ദേശീയപാതയിൽ ട്രക്കിൽ പശുക്കളുമായി പോകുമ്പോഴാണ് ആൾവാറിൽവച്ച് പെഹ്‌ലുഖാനും മക്കൾക്കും ട്രക്ക് ഡ്രൈവർക്കും ഗോരക്ഷകരുടെ ക്രൂരമർദനമേറ്റത്. പരിക്കേറ്റ് ആൾവാറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെഹ്‌ലുഖാൻ രണ്ടുദിവസത്തിനുശേഷം മരിക്കുകയായിരുന്നു. കേസിൽ പ്രതികളായ വിപിൻ യാദവ്, രവീന്ദ്ര കുമാർ, കലുറാം, ദയാനന്ദ്, യോഗേഷ് കുമാർ, ഭീം രതി എന്നിവരെ സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് കോടതി വെറുതേവിട്ടത്. പ്രായപൂർത്തിയാകാത്ത മൂന്നുപേർ കൂടി കേസിൽ പ്രതികളാണ്. ഇവർക്കെതിരെയുള്ള കേസ് കുട്ടികളുടെ കോടതിയിൽ നടക്കുകയാണ്.