കുന്നത്തൂർ: മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പത്തു മിനിട്ടോളം ഗതാഗത കുരുക്കിൽപ്പെട്ടതുമായി ബന്ധപ്പെട്ട് ശൂരനാട് പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. സീനിയർ സി.പി.ഒമാരായ ഹരിലാൽ, രാജേഷ്, റൂറൽ സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ നുക്യുദീൻ എന്നിവരെയാണ് റൂറൽ എസ്.പി ആർ. ഹരിശങ്കർ സസ്‌പെൻഡ് ചെയ്തത്.

പത്തനംതിട്ടയിൽ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന മന്ത്രി വ്യാഴാഴ്ച ഉച്ചയോടെ ചക്കുവള്ളി മയ്യത്തുംകരയിലാണ് കുരുക്കിൽപ്പെട്ടത്. സമീപത്തെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങൾ റോഡരികിൽ നിറുത്തിയിട്ടതാണ് കുരുക്കിന് കാരണമായത്. മന്ത്രിയുടെ വാഹനം എത്തിയപ്പോൾസ്ഥലത്ത് പൊലീസുകാർ ഉണ്ടായിരുന്നില്ല. ഇത് മന്ത്രിയെ ക്ഷുഭിതയാക്കി. തുടർന്ന് മന്ത്രി ഇറങ്ങി ഗതാഗതകുരുക്കഴിക്കാൻ ഇടപെടുകയും ചെയ്തു. മന്ത്രിയുടെ റിപ്പോർട്ടിനെ തുടർന്ന് സുരക്ഷാ വീഴ്ച ആരോപിച്ചാണ് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തത്. മന്ത്രി ഗതാഗത കുരുക്കിൽപ്പെട്ട സംഭവത്തിൽ പൊലീസുകാരെ സസ്പെൻഡ് ചെയ്ത നടപടി സേനയ്ക്കുള്ളിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മന്ത്രി ഇതുവഴി വരുമെന്നോ സുരക്ഷ ഒരുക്കണമെന്നോ ശൂരനാട് പൊലീസ് സ്റ്റേഷനിൽ അറിയിപ്പ് ലഭിച്ചിരുന്നില്ലത്രെ. റൂറൽ എസ്‌.പിയുടെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശനവുമായി ബന്ധപ്പെട്ട് പൊലീസ് അവിടെയായിരുന്നു. ഇടതുപക്ഷ അനുകൂല സംഘടനയിലെ പൊലീസ് ഉദ്യോഗസ്ഥരും സസ്പെൻഷനിലായവരിൽ ഉൾപ്പെടുന്നു.